
ഗുവാഹത്തി: മണിപ്പൂരിലെ നോനി ജില്ലയിൽ പഠനയാത്രയ്‌ക്ക് പോയ സ്‌കൂൾ ബസ് മറിഞ്ഞ് ആറ് വിദ്യാർത്ഥികളും അദ്ധ്യാപികയുമടക്കം ഏഴു പേർ മരിച്ചു. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 55 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. പഴയ കച്ചാർ റോഡിൽ ബസ് പെട്ടെന്ന് തിരിയാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് തലകീഴായി മറിഞ്ഞത്.
അഞ്ച് വിദ്യാർത്ഥികൾ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ 20 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ചികിത്സയിലുള്ള വിദ്യാർത്ഥികളിൽ ചിലരുടെ നില ഗുരുതരമാണ്.
തമ്പൽനു ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ രണ്ട് ബസുകളിലായാണ് നോനി ജില്ലയിലെ ഖൗപത്തിലേക്ക് പഠനയാത്രയ്ക്ക് പോയത്. ഇതിൽപെൺകുട്ടികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.