bf7

ചൈനയിൽ പടർന്നുപിടിക്കുന്ന കൊവിഡിന് കാരണമായ വകഭേദം ഇന്ത്യയിലും ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. ബി.എഫ് 7 ഒമിക്രോൺ ഉപവകഭേദമാണ് മൂന്നുപേരിൽ കണ്ടെത്തിയത്. ഇതിൽ രണ്ടുപേർ ഗുജറാത്തിലും ഒരാൾ ഒഡിഷയിലുമാണ്. ഗുജറാത്തിൽ രോഗം ബാധിച്ചവരിൽ യു.എസിൽ നിന്ന് മടങ്ങിയെത്തിയ 61കാരിയും ഉൾപ്പെടുന്നു.

ബി.എഫ് 7 ലക്ഷണങ്ങൾ

പനി, ചുമ, തൊണ്ടവേദന, മൂക്കാെലിപ്പ് തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ശ്വാസകോശ സംബന്ധമായ അണുബാധകളിലുണ്ടാകുന്ന ലക്ഷണങ്ങൾക്ക് സമാനമാണ് ബി.എഫ് 7ന്റെയും ലക്ഷണങ്ങൾ. ഈ വകഭേദം ചെെനയിൽ മാത്രം പത്തുലക്ഷം പേരുടെ മരണത്തിന് കാരണമായി. വാക്‌സിൻ മാത്രമാണ് ഇതിന്റെ പ്രതിവിധി. മൂന്നോ നാലോ കൊവിഡ് വാക്സിൻ എടുത്ത ആളുകൾക്ക് ഇത് വരാനുള്ള സാദ്ധ്യത കുറവാണ്. ബി.എഫ് 7 വെെറസ് ബാധിച്ച ഒരാൾക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽപ്പോലും അയാളിൽ നിന്ന് 10-18 പേർക്ക് വെെറസ് ബാധിക്കാൻ സാദ്ധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് ചേർന്ന യോഗത്തിൽ അറിയിച്ചിരുന്നു. കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കണം.

ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന പുനരാരംഭിച്ചു. വിദേശത്ത് നിന്നും വരുന്നവരിലൂടെ രോഗം പടരുന്നത് തടയാനാണിത്. പുതിയകൊവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകൾ ഇൻസകോഗ് ലാബുകളിലേക്ക് അയയ്ക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.