charles-sobhraj

കാഠ്‌മണ്ഡു: കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിനെ (78) ജയിലിൽ നിന്നും മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടു. 19 വർഷമായി ജയിലിൽ കഴിയുന്ന ചാൾസ് ശോഭരാജിന്റെ പ്രായം കണക്കിലെടുത്താണ് ജയിലിൽ നിന്നും വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. ജയിൽ മോചിതനായി 15 ദിവസത്തിനുള്ളിൽ ഇയാളെ നാട്ടിലേയ്ക്ക് തിരികെ അയക്കാനും കോടതി നിർദ്ദേശിച്ചു. 2003ൽ രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനാണ് ഇയാളെ സുപ്രീംകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ജയിലിൽ നിന്നും ഇമിഗ്രേഷൻ ഓഫീസിലേയ്ക്ക് ചാൾസിനെ മാറ്റുമെന്നും ഇമിഗ്രേഷൻ അധികൃതർ അടുത്ത പതിനഞ്ച് ദിവസത്തിനകം നാടുകടത്തൽ നടപടി പൂർത്തിയാക്കുമെന്നും ചാൾസിന്റെ അഭിഭാഷകനായ ലോക്ഭക്ത്റാണ അറിയിച്ചു. ഇന്ത്യക്കാരനായ ശോഭരാജ് ഹൊചണ്ടിന്റെയും വിയറ്റ്നാമുകാരി ട്രാൻ ലോഗ് ഫുൻ എന്നിവരുടെയും മകനായ ചാൾസ് ശോഭരാജ് 1944 ൽ ഇന്നത്തെ ഹോചിമിൻ സിറ്റിയിലാണ് ജനിച്ചത്.

1970കളിലാണ് ഇയാളെ ലോകം അറിഞ്ഞു തുടങ്ങുന്നത്. 1972നും 1976നും ഇടയിൽ രണ്ടു ഡസൻ മനുഷ്യരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇയാളുടെ ഇരകളുടെ എണ്ണം മുപ്പത് വരെയാവാം എന്നാണ് അനൗദ്യോഗിക കണക്കുകൾ. ആദ്യ കാലത്ത് 'ബിക്കിനി കില്ലർ' എന്നായിരുന്നു ശോഭരാജിന്റെ അപരനാമം.1976ലാണ് ശോഭരാജ് ആദ്യമായി അറസ്റ്റിലാകുന്നത് പക്ഷെ അന്ന് ജയിൽചാടി.

തായ്‌ലാൻഡ്, നേപ്പാൾ, ഇന്ത്യ, മലേഷ്യ, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, തുർക്കി, ഗ്രീസ് രാജ്യങ്ങളിലെ പൗരൻമാരാണ് ചാൾസിന്റെ ഇരകളായത്. രണ്ട് കൊലപാതകങ്ങളിൽ കുറ്റക്കാരന്നണെന്ന് കണ്ടെത്തിയതോടെ 2004ലാണ് നേപ്പാൾ കോടതി ചാൾസ് ശോഭരാജിനെ 21 വർഷത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അന്നുമുതൽ കാഠ്‌മണ്ഡുവിലെ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു.