waste

ആറ്റിങ്ങൽ: രാത്രിയുടെ മറവിൽ ക്ഷേത്രത്തിന് സമീപം കക്കുസ് മാലിന്യം തള്ളുന്നതായി പരാതി. കൊല്ലമ്പുഴ മാരാഴിച്ചകാവ് വിഷ്ണു ക്ഷേത്രത്തിന് സമീപമാണ് കക്കൂസ് മാലിന്യം കൊണ്ടുതള്ളിയത്. സംഭവം അറിഞ്ഞ് വാർഡു കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഗിരിജ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദർശിക്കുകയും, ബ്ലീച്ചിംഗ് പൗഡർ ഉൾപ്പടെയുള്ള അണുനാശിനി പ്രയോഗവും നടത്തി.

കഴിഞ്ഞ രണ്ട് മാസക്കാലമായി ഇടവിട്ട് കക്കൂസ് മാലിന്യം ഈ പ്രദേശത്ത കൊണ്ടൊഴിക്കുന്നത് ഇത് നാലാം തവണയാണന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ ചില യുവാക്കൾ ചേർന്ന് മുമ്പൊരിക്കൽ ഈ സാമൂഹ്യ വിരുദ്ധരെ പിടികൂടാൻ പദ്ധതിയൊരുക്കിയിരുന്നു. എന്നാൽ നമ്പർ പതിക്കാത്ത ടാങ്കർ ലോറിയിൽ മാരക ആയുധങ്ങളുമായാണ് ഈ സംഘം സഞ്ചരിക്കുന്നത്. കൂടാതെ മാലിന്യം ഒഴിക്കാനുദ്ദേശിക്കുന്ന പ്രദേശത്തെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിനായി മാസ്‌കും ഹെൽമെറ്റും ധരിച്ച് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകളിലായി സംഘാംഗങ്ങൾ വാഹനത്തിന് മുന്നിലുണ്ടാവും. വാർഡ് വികസന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസിനു പരാതി നൽകി. ക്ഷേത്രവും പരിസരവും മലീനസമാകുന്നതായി നാട്ടുകാർക്കും പരാതിയുണ്ട്. ക്ഷേത്രത്തെ കൂടാതെ ബസ് സ്റ്റോപ്പും, ദിവസേന നിരവധി വിദ്യാർത്ഥികളും ഇതിലൂടെ കടന്നുപോകുന്നു. സമീപത്ത് സ്ഥിതി ചെയ്യുന്ന കൊല്ലമ്പുഴ നദിയിലേക്കും തള്ളുന്ന വിസർജ്യ മാലിന്യങ്ങൾ തള്ളാനും സാദ്ധ്യതയേറെയാണ്.