gujarat

അഹമ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിൽ അമ്മയുടെയും മകളുടെയും ജീർണിച്ച മൃതദേഹങ്ങൾ കണ്ടെത്തി. അഹമ്മദാബാദിലെ ഭുലാഭായ് പാർക്കിന് സമീപമുള്ള ആശുപത്രിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മകളുടെ മൃതദേഹം ഓപ്പറേഷൻ തിയേറ്ററിലെ അലമാരയിലും , അമ്മയുടേത് കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. ചികിത്സ തേടി അടുത്തിടെ ആശുപത്രിയിൽ എത്തിയതാണ് ഇരുവരും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഓപ്പറേഷൻ തിയേറ്ററിനുള്ളിലെ അലമാര ജീവനക്കാർ തുറന്ന് നോക്കിയപ്പോഴാണ് മുപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ അമ്മയുടെ മൃതദേഹം കട്ടിലിനടിയിൽ നിന്ന് കണ്ടെടുത്തത്. കൊലപാകമാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നുമാണ് പൊലീസ് പറയുന്നത്.

അതിനിടെ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരനായ മൻസുഖിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എപ്പോഴും തിരക്കുള്ള ആശുപത്രിയിൽ ജീവനക്കാരുടെ സഹായമില്ലാതെ ഇത്തരത്തിൽ മൃതദേഹം ഒളിപ്പിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. യുവതിയെയും അമ്മയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനയച്ചു.