china

ബീജിംഗ്: നിയന്ത്രണമില്ലാതെ കൊവിഡ് പെരുകിയതോടെ ചൈനക്കാർക്ക് നാരങ്ങയോടും പേരയ്ക്കയോടും പ്രിയം കൂടി. കൊവിഡ് വ്യാപനം രൂക്ഷമായ ബീജിംഗിലും ഷാങ്‌ഹായിലും ഇവയുടെ വില്പന വൻതോയിൽ കുതിച്ചുയർന്നിരിക്കുകയാണെന്നാണ് റിപ്പോർട്ട്. കൊവിഡ് പ്രതിരോധ വ്യാക്സിൻ കിട്ടാത്തതിനാൽ പ്രകൃതിദത്ത പരിഹാരമാർഗമെന്ന നിലയിലാണ് ജനങ്ങൾ ഇവ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനൊപ്പം വിറ്റാമിൻ സി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾക്കും ആവശ്യം ഏറിവരികയാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൊവിഡിനെ പ്രതിരോധിക്കും എന്ന പ്രചാരണമാണ് ഇതിന് പിന്നിൽ. എന്നാൽ ഇക്കാര്യം ശാസ്ത്രീയമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. പഴങ്ങൾ കഴിഞ്ഞാൽ പനിയ്ക്കുള്ള മരുന്നുകൾക്കും വേദന സംഹാരികൾക്കുമാണ് ആവശ്യക്കാർ ഏറെയുള്ളത്.

നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെ ചൈനയിൽ കൊവിഡ് കുതിച്ചുയരുകയാണ്. ആശുപത്രികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങൾ കൂടിക്കിടക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തു വിട്ടു. എന്നാൽ,​ കൊവിഡ് വ്യാപനത്തെക്കുറിച്ചോ മരണസംഖ്യയെക്കുറിച്ചോ വ്യക്തമായ കണക്കുകൾ സർക്കാ‌ർ പുറത്തു വിട്ടിട്ടില്ലാത്തതിനാൽ ആശങ്ക വർദ്ധിക്കുകയാണ്. ചൈനയിലെ സ്ഥിതിഗതികൾ രൂക്ഷമായതോടെ മറ്ര് രാജ്യങ്ങളും മുൻകരുതൽ നടപടികളിലേക്കു കടന്നിട്ടുണ്ട്. ജപ്പാൻ,​ അമേരിക്ക,​ റിപ്പബ്ലിക് ഒഫ് കൊറിയ എന്നിവിടങ്ങളിൽ വ്യാപനം രൂക്ഷമാണ്.

കൊവിഡ് സീറോ നയത്തിൽ നിന്ന് പെട്ടെന്ന് മാറിയതിന്റെ ആഘാതം ചൈനയെ ബാധിച്ചെന്നും എന്നാൽ അധികൃതർ ശരിയായ വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ സമൂഹ മാദ്ധ്യമങ്ങളിൽ ശ്മശാനങ്ങളിലെ നീണ്ട നിരയും ആശുപത്രികളിലെ തിരക്കും മൃതദേഹങ്ങൾ കൂട്ടിയിട്ട ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

തലസ്ഥാനമായ ബീജിംഗ് കേന്ദ്രീകരിച്ചാണ് കൊവിഡ് സ്ഫോടനമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. നിലവിൽ രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം കൊവിഡ് പിടിയിലാണ്.ഡിസംബറിന് മുമ്പ് ഏകദേശം നാല് മുതൽ അഞ്ച് വരെ മൃതദേഹങ്ങളാണ് ദഹിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ 22 വരെ എത്തിയിരിക്കുന്നു എന്നാണ് ഹെബെ പ്രദേശത്തുള്ള ശ്മശാന ജീവനക്കാരന്റെ പ്രതികരണം. അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരെ അനുസ്മരിക്കാൻ ഒരു സർവകലാശാല പ്രസിദ്ധീകരിച്ച അനുസ്മരണക്കുറിപ്പുകളുടെ എണ്ണത്തിലൂടെയും മരണസംഖ്യ വർദ്ധിക്കുന്നതായി വ്യക്തമാകുന്നു.