charles

കാഠ്മണ്ഡു: ബിക്കിനി കൊലയാളിയെന്ന് കുപ്രസിദ്ധനായ സീരിയൽ കൊലയാളി ചാൾസ് ശോഭരാജ് (78)​ നേപ്പാളിലെ ജയിലിൽനിന്ന് മോചിതനാവും. മറ്റ് കേസുകളൊന്നും ഇല്ലെങ്കിൽ പ്രായാധിക്യം കണക്കിലെടുത്ത് ഇയാളെ വിട്ടയയ്‌ക്കാൻ നേപ്പാൾ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടു. 19 വ‍ർഷത്തെ ജയിൽവാസത്തിനാണ് അറുതിയാവുന്നത്. ഫ്രഞ്ച് പൗരനായ ശോഭരാജിന് 15 ദിവസത്തിനകം നാട്ടിലേക്ക് പോകാനുള്ള ഏർപ്പാടുകൾ ചെയ്യാനും കോടതി ഉത്തരവിട്ടു.

70 വയസു കഴിഞ്ഞ പൗരനെന്ന നിലയിൽ ശിക്ഷ ഇളവിനായി ശോഭരാജ് നിരന്തരം ഹർജികൾ സമർപ്പിച്ചിരുന്നു. കോടതി അതെല്ലാം ഇതുവരെ തള്ളുകയായിരുന്നു. 2003ലാണ് നേപ്പാളിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ശോഭരാജിനെ നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്‌തത്. അന്നു മുതൽ ജയിലിലായിരുന്നു.


1975ൽ കാഠ്മണ്ഡുവിൽ വച്ച് സൗഹൃദം സ്ഥാപിച്ച കനേഡിയൻ വനിത ലഡ്ഡീ ഡൂപാർ,​ അമേരിക്കൻ വനിത അന്നബെല്ല ട്രൈമോണ്ട് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശോഭരാജ് നോട്ടപ്പുള്ളിയായത്. അതേ വർഷം തന്നെ അമേരിക്കൻ പൗരനായ കോണീ ജോ ബ്രോൺസിച്ചിനെ കാഠ്മണ്ഡുവിലും കനേഡിയൻ പൗരനായ ലോറന്റ് കാരിയറെ ഭക്താപൂരിലും കൊലപ്പെടുത്തിയിരുന്നു. ഈ കേസുകളിൽ കാഠ്മണ്ഡു,​ ഭക്താപൂർ ജില്ലാ കോടതികൾ വിധിച്ച ജീവപര്യന്തം നേപ്പാൾ സുപ്രീം കോടതി 2010ൽ ശരിവയ്‌ക്കുകയായിരുന്നു.

ബിക്കിനി കൊലയാളി

കാണാൻ സുന്ദരനാണ് ചാൾസ് ശോഭരാജ്. ആ സൗന്ദര്യത്തിൽ വീണ പല സ്ത്രീകളും കൊല്ലപ്പെട്ടു. ഇരകളിലേറെയും വിനോദസഞ്ചാരികളായിരുന്നു. ബിക്കിനി ധരിച്ച സ്ത്രീകളായിരുന്നു കൂടുതലും. അങ്ങനെയാണ് ബിക്കിനി കൊലയാളി എന്ന പേര് വീണത്. തായ്‌ലൻഡ്,​ നേപ്പാൾ,​ ഇന്ത്യ,​ മലേഷ്യ,​ ഫ്രാൻസ്,​ അഫ്ഗാനിസ്ഥാൻ,​ തുർക്കി,​ ഗ്രീസ് എന്നീ രാജ്യങ്ങളിലായി മുപ്പതിലേറെ കൊലപാതകങ്ങൾ നടത്തി. 12 കൊലകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നിയമത്തിന്റെ കണ്ണുവെട്ടിക്കാനും ജയിലുകൾ ചാടാനും വിദഗ്ദ്ധനായിരുന്നു. പാമ്പ് മാളത്തിൽ കയറുമ്പോലെ ഒളിക്കും. അങ്ങനെ പാമ്പ് എന്ന പേരും വീണു. 1996ൽ ഡൽഹിയിലെ ജയിലിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. തായ്‌ലൻഡിലെ പട്ടായ ബീച്ചിൽ ബിക്കിനി ധരിച്ച ആറ് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ തായ്‌ലൻഡിലേക്ക് നാടുകടത്തുമെന്ന് വന്നപ്പോഴാണ് ഡൽഹിയിലെ ജയിൽ ചാടിയത്. പിന്നീട് ഗോവയിൽ അറസ്റ്റിലായി.

ജനനം വിയറ്റ്നാമിലെ ഹോച്ചിമിൻ സിറ്റിയിൽ 1944 ഏപ്രിൽ 6ന്

മൊത്തം പേര് ചാൾസ് ഗുരുമുഖ് ശോഭരാജ് ഹോച്ചന്ദ് ഭവാനി

ആകെ കൊല 30,​ തായ്‌ലൻഡിൽ മാത്രം 14

നാല് ജീവചരിത്രങ്ങളും മൂന്ന് ഡോക്കുമെന്ററികളും ഇറങ്ങി

മേം ഔർ ശോഭരാജ് എന്ന ഇന്ത്യൻ സിനിമ

ദ സർപ്പന്റ് എന്ന പേരിൽ ബി.ബി. സിയുടെ എട്ട് ഭാഗങ്ങളുള്ള പരമ്പര

ഭാര്യ ചന്താൾ കൊമ്പാഗന്ൺ,​ മകൾ ഉഷ ശോഭരാജ്