
ഇന്ത്യയിലെ മയക്കുമരുന്ന് മാഫിയയെ രണ്ടുവർഷം കൊണ്ട് തളയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ നടത്തിയ പ്രഖ്യാപനം ആശ്വാസം പകരുന്നതാണ്. ഏതൊരു രാജ്യത്തിന്റെ വികസനത്തെയും പുരോഗതിയെയും തടയാനും യുവതലമുറയെ വഴിതെറ്റിക്കാനും മയക്കുമരുന്ന് മാഫിയയോളം പ്രബലമായ മറ്റൊരു ശക്തിയില്ല. കെമിക്കൽ ലഹരി മരുന്നുകളുടെ ഒരുപ്രാവശ്യത്തെ ഉപയോഗം തന്നെ ഒരാളെ ജീവിതകാലം മുഴുവൻ ലഹരിക്ക് അടിമയാക്കാൻ പോന്നതാണ്.
ലോകത്ത് ഞൊടിയിടയിൽ ഇത്രയധികം വരുമാനം ഉണ്ടാക്കാനാകുന്ന മറ്റൊരു ഇടപാടില്ല. അതിനാൽ ഒളിഞ്ഞിരുന്ന് മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവർ അതിപ്രബലരായിരിക്കും. അവർ നിയമത്തിന്റെ വലയിൽ കുടുങ്ങുന്നത് അപൂർവമാണ്. പലപ്പോഴും പിടിയിലാവുന്നത് ഇരകളും ലഹരികടത്തിലെ ഇങ്ങേയറ്റത്തെ കണ്ണികളുമായിരിക്കും. ഇൗ ശൃംഖലയുടെ അവസാനത്തെ കണ്ണികൾ പലപ്പോഴും കാണാമറയത്താവും പ്രവർത്തനം നടത്തുക. മറഞ്ഞിരിക്കാൻ ഇവർ ഭീകരപ്രവർത്തനവും ഉപയോഗിക്കാറുണ്ട് എന്നതിന് നിരവധി തെളിവുകൾ അന്വേഷണ ഏജൻസികൾതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
മയക്കുമരുന്ന് മാഫിയകൾക്ക് കിട്ടുന്ന ലാഭം ഭീകരപ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ വെളിപ്പെടുത്തി. ലോക്‌സഭയിൽ രാജ്യത്തെ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ പ്രശ്നവും സർക്കാർ സ്വീകരിച്ച നടപടികളുമെന്ന വിഷയത്തിലെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെയും കേന്ദ്രത്തിന്റെയും വിവിധ അന്വേഷണ ഏജൻസികൾ സംയുക്തമായി നീക്കങ്ങൾ നടത്തിയാലേ വിജയിക്കാനാവൂ. ഇത്തരം ശൃംഖലകളെ തളയ്ക്കാൻ കേന്ദ്രം എല്ലാവിധ സഹായവും സംസ്ഥാനങ്ങൾക്ക് നൽകണം. ഇവരെ നേരിടുന്നതിൽ പണത്തിനും സന്നാഹത്തിനും ഒരു കുറവും വരാതെ നോക്കാനുള്ള ബാദ്ധ്യത കേന്ദ്രം ഏറ്റെടുക്കണം. രാജ്യത്തിന് പുറത്തുള്ള അന്വേഷണം കേന്ദ്ര ഏജൻസി ഏറ്റെടുത്ത് നടത്തണം. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തിലൂടെയും മാത്രമേ ഇവരെ തുടച്ചുനീക്കുന്ന യത്നം വിജയത്തിലെത്തൂ.
ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഏറ്റവുമധികം മയക്കുമരുന്ന് വരുന്നതെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ ഗൾഫിൽ ഏറ്റവുമധികം പേർ ജോലി ചെയ്യുന്ന കേരളത്തിന് ആശങ്കയാണ്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തികൾ എന്നിവ വഴിയാണ് പ്രധാനമായും മയക്കുമരുന്ന് കടത്തുന്നത് എന്നതിനാൽ ഇവിടങ്ങളിൽ പരിശോധന കർശനമാക്കണം. മയക്കുമരുന്നിന്റെ ദുരുപയോഗം തടയാൻ നിലവിലുള്ള നിയമങ്ങൾ അപര്യപ്തമാണെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച എൻ.കെ പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടത് ഗൗരവമായി കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരണം. മയക്കുമരുന്നിന്റെ വിപണനവും വ്യാപനവും തടയാൻ ദേശീയ തലത്തിൽ കർമ്മപദ്ധതിക്ക് രൂപം നൽകണമെന്ന് എം. പി പറഞ്ഞത് നടപ്പാക്കാൻ വൈകരുത്. ഏതു വിധേനയും ഇൗ മാരകവിപത്തിനെ തടഞ്ഞേ മതിയാവൂ. അതിന് രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ച് നിൽക്കണം. ഇതോടൊപ്പം തന്നെ മയക്കുമരുന്നിന്റെ ഇരകളെ കണ്ടെത്തി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളുടെ എണ്ണവും പ്രവർത്തനവും കൂട്ടേണ്ടതുണ്ട്. സർക്കാർ തന്നെ വിൽക്കുന്ന മദ്യം , പുകയില തുടങ്ങിയ ലഹരികൾക്ക് കനത്ത നികുതി ചുമത്തുന്നുണ്ട്. ഇതിൽ നിന്ന് ഒരു നിശ്ചിത ശതമാനം ഇരകളുടെ പുനരധിവാസത്തിനായി വിനിയോഗിക്കാൻ പ്രത്യേകനിയമം വഴി സംവിധാനമൊരുക്കണം.