
മുംബയ്: വധുവിനെ കിട്ടാനില്ല, കളക്ടറുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി യുവാക്കൾ. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം. ആൺ- പെൺ അനുപാതത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഒരുകൂട്ടം യുവാക്കൾ മാർച്ച് നടത്തിയത്. ജ്യോതി ക്രാന്തി പരിഷത്ത് 'ബ്രൈഡ്ഗ്രൂം മോർച്ച' എന്ന പേരിൽ ജാഥ സംഘടിപ്പിച്ചത്.
ഗർഭധാരണത്തിനും പ്രസവത്തിനും മുൻപ് നടത്തുന്ന ഡയഗ്നോസ്റ്റിക് പരിശോധനകൾ (പി സി പി എൻ ഡി റ്റി) സംബന്ധിച്ച നിയമം കർശനമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ഇവർ ജാഥയ്ക്ക് പിന്നാലെ ജില്ലാ കളക്ടറുടെ ഓഫീസിൽ സമർപ്പിച്ചു. ജാഥയിൽ പങ്കെടുത്തവർക്ക് സർക്കാർ വധുവിനെ കണ്ടെത്തി നൽകണമെന്നും നിവേദനത്തിൽ ഇവർ ചൂണ്ടിക്കാട്ടുന്നു.
വിവാഹവേഷത്തിൽ കുതിരപ്പുറത്തിരുന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഇവരുടെ മാർച്ച്. ആളുകൾ പരിസഹിച്ചേക്കാം. എന്നാൽ സംസ്ഥാനത്തെ വിവാഹപ്രായമെത്തിയ പുരുഷൻമാർക്ക് വധുവിനെ കിട്ടാനില്ല എന്നതാണ് യഥാർത്ഥ്യമെന്ന് ജ്യോതി ക്രാന്തി പരിഷത്തിന്റെ സ്ഥാപകനും ജാഥയുടെ സംഘാടകനുമായ രമേശ് ഭരാസ്കർ പറഞ്ഞു. ആൺ- പെൺ അനുപാതത്തിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം. മഹാരാഷ്ട്രയിലെ ആൺ- പെൺ അനുപാതം 1000- 889 എന്നിങ്ങനെയാണ്. പെൺ ഭ്രൂണഹത്യയാണ് ഇതിന് കാരണം. സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും രമേശ് ചൂണ്ടിക്കാട്ടി.