urvashi-vaishnav

മുംബയ്: മൂന്ന് ഭാര്യയുള്ളയാൾ കാമുകിയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയക്കേസിന്റെ ചുരുളഴിക്കാൻ ക്രൈംബ്രാഞ്ചിനെ സഹായിച്ചത് ബ്രാൻഡഡ് ചെരുപ്പ്. മുംബയിലെ കോപർഖൈരാനെ സ്വദേശി ഉർവശി വൈഷ്‌ണവിനെ (27) കാമുകനും ജിം ട്രെയിനറുമായ റിയാസ് ഖാനും (35) ഇയാളുടെ സഹായിയായ ഇമ്രാൻ ഷെയിഖും (26) ചേർന്ന് കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിലാണ് ചെരുപ്പ് നിർണായക തെളിവായത്.

മഹാരാഷ്ട്രയിലെ ധമാനി ഗ്രാമത്തിൽ മതേരൻ മലനിരകൾക്ക് സമീപമായുള്ള ഗദി നദിയിൽ നിന്നായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ഡിസംബർ 14ന് കേസ് രജിസ്റ്റർ ചെയ്തു. യുവതിയെയും പ്രതികളെയും തിരിച്ചറിയാൻ പൊലീസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ മൃതദേഹത്തിൽ കണ്ട ചെരുപ്പാണ് യുവതിയെ തിരിച്ചറിയാനും പ്രതിയിലേയ്ക്കെത്താനും ഉദ്യോഗസ്ഥരെ സഹായിച്ചത്. ചെരുപ്പ് കണ്ടെത്തിയതിന് പിന്നാലെ നവി മുംബയിലെ എല്ലാ ചെരുപ്പ് കടകളിലും ഉദ്യോഗസ്ഥർ ഒരാഴ്ചയോളം കയറിയിറങ്ങി, യുവതിയെക്കുറിച്ച് അന്വേഷിച്ചു, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ ഒരു തുമ്പും കണ്ടെത്താനായിരുന്നില്ല.

അന്വേഷണം തുടരുന്നതിനിടെയാണ് വശി എന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ യുവതിയെ തിരിച്ചറിയുന്നത്. ഇവരോടൊപ്പം നല്ല ശരീരഘടയുള്ള ഒരു പുരുഷനും ഉണ്ടായിരുന്നു. ഇത് ഒരു ബോഡിബിൽഡർ ആയേക്കാമെന്ന നിഗമനത്തിലെത്തിയ ഉദ്യോഗസ്ഥർ തുടർന്ന് വശിയിലെയും കോപർഖൈരാനെയിലെയും ജിമ്മുകളിൽ അന്വേഷണം നടത്താൻ ആരംഭിച്ചു. ഇതേത്തുടർന്നാണ് കോപർഖൈരാനെയിലുള്ള ജിമ്മിലെ ട്രെയിനറായ റിയാസ് ഖാനെ പൊലീസ് പിടികൂടുന്നത്.

ഡിസംബർ 17നാണ് മുംബയിലെ ഡിയോനറിൽ നിന്ന് ഇയാൾ അറസ്റ്റിലാവുന്നത്. ഉർവശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് റിയാസ് ഖാൻ പൊലീസിന് മൊഴി നൽകി. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് ഉർവശി നിരന്തരം നിർബന്ധിച്ചതാണ് കൊലയ്ക്ക് കാരണം. മൂന്ന് ഭാര്യമാരുള്ളതിനാൽ ഉർവശിയെക്കൂടി വിവാഹം കഴിക്കാൻ ഇയാൾ തയ്യാറല്ലായിരുന്നു.

യുവതിയുടെ മൃതദേഹം നദിയിൽ തള്ളാൻ റിയാസിനെ സഹായിച്ച ഇമ്രാൻ ഷെയിഖും കുറ്റം സമ്മതിച്ചു. ഗോവന്ദി സ്വദേശിയായ ഇയാൾ കൊറിയർ വിതരണക്കാരനാണ്. പ്രതികൾ ഇരുവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.