
ചണ്ഡിഗഡ്: ചൈനയിലും അമേരിക്കയിലും ഉൾപ്പടെ ലോകരാജ്യങ്ങളിൽ ഒമിക്രോൺ ബി എഫ്- 7 വകഭേദം പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡം ശക്തമായി പാലിച്ചുമാത്രമേ ഭാരത് ജോഡോ യാത്ര നടത്താവൂ എന്ന കേന്ദ്രനിർദ്ദേശത്തെ പൂർണമായി തള്ളിക്കളഞ്ഞ് രാഹുൽ ഗാന്ധി. ഹരിയാനയിൽ തുടരുന്ന മാർച്ചിൽ പതിവുപോലെ ഇന്നും മാസ്ക് ധരിക്കാതെയാണ് രാഹുൽ പ്രത്യക്ഷപ്പെട്ടത്. രാഹുലിനൊപ്പമുള്ള കോൺഗ്രസ് പ്രവർത്തകരും മാസ്ക് ധരിക്കാനാേ സാമൂഹ്യ അകലം പാലിക്കാനാേ തയ്യാറായിട്ടില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയത്. മാക്സും സാനിറ്റൈസറും നിർബന്ധമാക്കണം, വാക്സിൻ സ്വീകരിച്ചവരെ മാത്രം യാത്രയിൽ പങ്കെടുപ്പിക്കണം. എന്നിങ്ങനെയായിരുന്നു കത്തിലെ നിർദ്ദേശങ്ങൾ. ഇവ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ കേന്ദ്ര നിർദ്ദേശത്തെ കോൺഗ്രസ് തള്ളിക്കളയുകയാണ്. യാത്രയെ തകർക്കാനുള്ള ബി ജെ പിയുടെയും കേന്ദ്രസർക്കാരിന്റെയും നീക്കമായാണ് പാർട്ടി കത്തിനെ വിലയിരുത്തുന്നത്. ആരോഗ്യമന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കിൽ ആദ്യം കത്തയയ്ക്കേണ്ടത് പ്രധാനമന്ത്രിക്കാണെന്നാണ് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് പറയുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ റോഡ് ഷോയിൽ പ്രധാനമന്ത്രി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന ചോദ്യവും കോൺഗ്രസ് ഉന്നിയിക്കുന്നുണ്ട്. പാർലമെന്റ് സമ്മേളനം പോലും കൊവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെയാണ് നടക്കുന്നതെന്നും പാർട്ടി ചൂണ്ടിക്കാണിക്കുന്നു. ജോഡോയാത്രയ്ക്കെതിരായ കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമെന്നാേണം വിഷയം ഇന്ന് പാലർമെന്റിലും ഉന്നയിക്കും.
അതിനിടെ, ഒമിക്രോൺ ബി.എഫ്- 7 ഇന്ത്യയിൽ കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നുച്ചയ്ക്കാണ് യോഗം ചേരുന്നത്. കൊവിഡ് ആശങ്ക വീണ്ടും വർദ്ധിക്കുന്നത് കണക്കിലെടുത്ത് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനും സാദ്ധ്യതയുണ്ട്.
യു എസിൽ നിന്ന് ഗുജറാത്തിലെ വഡോദരയിൽ എത്തിയ ഇന്ത്യൻ വംശജ, വിദേശത്തുനിന്ന് അഹമ്മദാബാദിൽ തിരിച്ചെത്തിയ പുരുഷൻ എന്നിവരിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഒഡീഷയിലാണ് മൂന്നാമത്തെ രോഗി. ഒമിക്രോൺ ബി എ 5ന്റെ ഉപവിഭാഗമാണ് ബി.എഫ് 7. ശക്തമായ അണുബാധയ്ക്കും അതിവേഗ വ്യാപനത്തിനും ശേഷിയുണ്ട്. വാക്സിൻ എടുത്തവരിലും രോഗം വരുത്തും. പ്രതിരോധ ശേഷി കൂടിയ വകദേദമല്ല ഇതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.