
ബീജിംഗ്: നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ചൈനയിൽ കൊവിഡ് കേസുകൾ അതിവേഗം വർദ്ധിക്കുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി പ്രശസ്ത ചൈനീസ് ഗായികയും ഗാനരചയിതാവുമായ ജെയിൻ സംഗ്. മനപ്പൂർവം കൊവിഡ് വൈറസ് ബാധയേറ്റുവാങ്ങിയെന്നാണ് ജെയിൻ സമൂഹമാദ്ധ്യമത്തിലൂടെ ആരാധകരോട് പറഞ്ഞത്. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത വിമർശനം ഏറ്റുവാങ്ങുകയാണ് താരം. കൊവിഡിന്റെ പുതിയ വകഭേദമായ ബി എഫ്.7 ചൈനയിൽ അതിരൂക്ഷമാകുന്നതിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
കൊവിഡ് പോസിറ്റീവായ സുഹൃത്തുക്കളെ സന്ദർശിച്ച് താൻ ബോധപൂർവം രോഗബാധയേറ്റുവാങ്ങിയെന്നായിരുന്നു ജെയിൻ പങ്കുവച്ചത്. താൻ 'ഷീപ്പുകളുടെ' വീടുകൾ സന്ദർശിച്ചുവെന്നായിരുന്നു അവർ പോസ്റ്റിൽ കുറിച്ചത്. ചൈന മെയിൻലാൻഡിൻ കൊവിഡ് രോഗബാധിതരെ വിളിക്കുന്ന പേരാണ് ഷീപ്പ് എന്നത്.
.
Singer #JaneZhang says that she's worried she'll be sick for New Years concerts, so she decided to visit some covid+ people to get sick and get over it
— 🍉 田里的猹 (@melonconsumer) December 17, 2022
Now she's getting bashed because she said she recovered in 1 day, lost weight and now has good skin😂 pic.twitter.com/wyki8v2wrZ
ഡിസംബർ അവസാനത്തോടെ സംഗീത പരിപാടിയുള്ളതിനാൽ അതിനുമുൻപ് രോഗബാധിതയാകാൻ വേണ്ടിയാണ് താൻ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണ് ജെയിനിന്റെ വിശദീകരണം. പരിപാടി സമയത്ത് രോഗബാധിതയാകുമോയെന്ന് ഭയന്നു. തനിക്കിപ്പോൾ രോഗബാധയേറ്റാലും മുക്തി നേടാൻ സമയമുണ്ട്. അതിനാൽ കൊവിഡ് പോസിറ്റീവ് ആയവരെ സന്ദർശിക്കുകയായിരുന്നു. പിന്നാലെ പനിയും തൊണ്ടവേദനയും ശരീരവേദനയും അനുഭവപ്പെട്ടു. ഇത് കൊവിഡിനോട് സാമ്യമുള്ള ലക്ഷണങ്ങളായിരുന്നു. രോഗലക്ഷണങ്ങൾ ഒരു ദിവസം മാത്രമേയുണ്ടായിരുന്നുള്ളൂ. ഒരു പകലും രാത്രിയും ഉറങ്ങിയതോടെ രോഗം അപ്രത്യക്ഷമായി. മരുന്നുകൾ ഒന്നും കഴിച്ചില്ലെന്നും ധാരാളം വെള്ളം കുടിക്കുകയും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും മാത്രമാണ് ചെയ്തതെന്നും 38കാരിയായ ഗായിക പറയുന്നു.
പോസ്റ്റ് വൈറലായതിന് പിന്നാലെ ജെയിനിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തെ വിമർശിച്ച് അനേകം പേരാണ് രംഗത്തെത്തിയത്. തുടർന്ന് ഗായിക വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും പൊതുജനങ്ങളോട് മാപ്പ് പറയുകയും ചെയ്തു. സംഗീത പരിപാടിക്കിടെ രോഗബാധിതയായാൽ അത് സഹപ്രവർത്തകരെയും ബാധിക്കും. അതിനാൽ വീട്ടിൽ വെറുതെയായിരിക്കുന്ന ഈ സമയം എന്തുകൊണ്ട് രോഗം ഏറ്റുവാങ്ങിക്കൂടാ? അങ്ങനെയെങ്കിൽ തനിക്ക് രോഗമുക്തി നേടാൻ സമയം ലഭിക്കും. ശേഷം ജോലിയ്ക്ക് പോവുകയും ചെയ്യാം. അതായിരിക്കും എല്ലാവർക്കും നല്ലതെന്നായിരുന്നു താൻ ചിന്തിച്ചതെന്ന് താരം മാപ്പു ചോദിച്ചുകൊണ്ട് കുറിച്ചു.