dog1

ലണ്ടനിലേക്ക് യാത്രചെയ്ത കുടുംബത്തോടൊപ്പമുണ്ടായിരുന്ന വളർത്തുനായയെ വിമാനകമ്പനി അയച്ചത് സൗദിയിലേക്ക്. സ്വന്തം നായയ്ക്കായി മൂന്നുദിവസം വിമാനത്താവളത്തിൽ തുടർന്ന കുടുംബത്തിന് ഒടുവിൽ വളർത്തുനായയെ തിരികെക്കിട്ടി. പക്ഷേ, അപ്പോഴേക്കും എല്ലാ അർത്ഥത്തിലും ആകെ മാറിയ അവസ്ഥയിലായിരുന്നു ബ്ലൂബെൽ എന്ന നായ.

ബ്ലൂബെല്ലിനൊപ്പം ലണ്ടനിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ബ്രിട്ടീഷ് എയർവേസിലായിരുന്നു യാത്ര. യാത്രാവിമാനത്തിൽ നായയെ ഒപ്പം കൊണ്ടുപോകാൻ കഴിയാത്തതിനാൽ ഇതിനായുള്ള മറ്റൊരുവിമാനത്തിലായിരുന്നു ബ്ലൂബെല്ലിനെ കയറ്റിയിരുന്നത്. ലക്ഷ്യസ്ഥാനത്തെത്തിയ കുടുംബത്തിന് അല്പം കഴിഞ്ഞപ്പോൾ നായയെ ലഭിച്ചു. പക്ഷേ കൂട് പരിശോധിച്ചപ്പോഴാണ് അത് ബ്ലൂബെൽ അല്ല എന്നറിയുന്നത്. ഇതോടെ ആകെ പ്രശ്നമായി. തങ്ങളുടെ എല്ലാമെല്ലാമായ ബ്ലൂബെല്ലിനെ കിട്ടാതെ വിമാനത്താവളം വിട്ടുപോകില്ലെന്ന് അവർ ഉറപ്പിച്ചുപറഞ്ഞു. പരാതിപ്പെട്ടാൽ കാര്യങ്ങൾ കൈയിൽ നിൽക്കില്ലെന്ന് നന്നായി മനസിലാക്കിയ വിമാനക്കമ്പനി നായയെ കണ്ടുപിടിക്കാൻ നെട്ടോട്ടമായി.

ഒരുമണിക്കൂറിന് ശേഷമാണ് അവർക്ക് കാര്യങ്ങൾ വ്യക്തമായത്. ബ്ലൂബെൽ സൗദി അറേബ്യയിലാണ്. അവിടെ നിന്നുള്ള നായയുടെ ചിത്രം കുടുംബത്തെ കാണിച്ച് അത് ബ്ലൂബെൽ ആണെന്ന് ഉറപ്പിക്കുകയും ചെയ്തു. എങ്ങനെയോ അബദ്ധം പറ്റി മാറി അയച്ചതാണെന്നാണ് കമ്പനിക്കാർ പറയുന്നത്. നായയെ കിട്ടിയിട്ടേ വിമാനത്താവളം വിടൂ എന്ന് വാശിപിടിച്ച കുടുംബം മൂന്നുദിവസം നായയ്ക്കായി കാത്തിരുന്നു. ഒടുവിൽ കിട്ടിയപ്പോഴോ ആകെ അവശയായ അവസ്ഥയിലും. ആഹാരവും വ്യായാമവും ഇല്ലാത്തതിനാലാണ് നായ ഇത്തരത്തിലായതെന്നും എല്ലാത്തിനും കാരണം വിമാനകമ്പനിയാണെന്നുമാണ് കുടുംബം പറയുന്നത്.