
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ രണ്ട് പ്രധാന സ്‌പോൺസർമാരായ എഡ്ടെക് മേജർ ബെെജൂസും എംപിഎൽ സ്‌പോർട്സും അവരുടെ സ്‌പോൺസർഷിപ്പ് കരാറുകളിൽ നിന്ന് പിൻവാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ജൂണിലാണ് ബെെജൂസ് ബോർഡുമായുള്ള ജേഴ്സി സ്‌പോൺസർഷിപ്പ് കരാർ 35 മില്യൺ യു എസ് ഡോളറിന് 2023 നവംബർ വരെ നീട്ടിയത്. ബി സി സി ഐയുമായുള്ള കരാർ അവസാനിപ്പിക്കാൻ ബെെജൂസ് ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിന് ശേഷം കരാർ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നവംബർ നാലിന് ബെെജൂസിൽ നിന്ന് ബി സി സി ഐയ്ക്ക് ഇമെയിൽ ലഭിച്ചിരുന്നു. തുടർന്ന് ഇന്നലെ നടന്ന ബി സി സി ഐ അപെക്സ് കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ബെെജൂസുമായുള്ള ഞങ്ങളുടെ ചർച്ചകൾ അനുസരിച്ച്, നിലവിലെ ക്രമീകരണം തുടരാനും കുറഞ്ഞത് 2023 മാർച്ച് വരെ സ്‌പോൺസർമാരായി തുടരാനും ബെെജൂസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബി സി സി ഐ അധികൃതർ വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ഡേറ്റാബേസുകൾ വാങ്ങുന്നുവെന്നും ഭീഷണി കോളുകൾ ചെയ്യുന്നുവെന്നും അടുത്തിടെ ബെെജൂസിനെതിരെ ആരോപണം ഉയർന്നിരുന്നു. ബാലാവകാശ കമ്മീഷൻ പോലും ഇക്കാര്യത്തിൽ ബെെജൂസിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ ഈ ആരോപണം ശക്തമായി നിഷേധിക്കുന്നുവെന്നാണ് വാർത്താക്കുറിപ്പിലൂടെ ബെെജൂസ് അറിയിച്ചത്. വിദ്യാർത്ഥികളുടെ ഡേറ്റാബേസ് ഞങ്ങൾ ഒരിക്കലും വാങ്ങിയിട്ടില്ലെന്നും ഭാഷണി കോളുകൾ ചെയ്യാറില്ലെന്നും വാർത്താക്കുറിപ്പിലൂടെ ബെെജൂസ് വീശദീകരിച്ചു.
2022ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിന്റെ സ്‌പോൺസർമാരിൽ ഒരാളായിരുന്നു ബെെജൂസ്. എഡ്ടെക് കമ്പനി അതിന്റെ ജീവനക്കാരിൽ അഞ്ച് ശതമാനത്തിൽ കൂടുതൽ പിരിച്ചുവിടാനുള്ള പദ്ധതികൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.