
പിതാവിന് കരൾ പകുത്തുനൽകാൻ 17കാരി നടത്തിയ പോരാട്ടങ്ങൾക്ക് അഭിനന്ദനപ്രവാഹം. കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലുള്ള തൃശൂർ കോലഴി സ്വദേശി പി.ജി. പ്രതീഷിന് കരൾ പകുത്ത് നൽകാൻ മകൾ ദേവനന്ദ തയ്യാറായെങ്കിലും പ്രായം വിലങ്ങുതടിയായിരുന്നു. ഒടുവിൽ ഹൈക്കോടതിയുടെ അനുമതിയുമായി പിതാവിന് പുതുജീവൻ നൽകാനുള്ള ഒരുക്കത്തിലാണ് ദേവനന്ദ. നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്രതീഷ്.
1994ലെ അവയവം മാറ്റിവയ്ക്കൽ നിയമപ്രകാരം, പ്രായപൂർത്തിയാകാത്തവർ അവയവങ്ങൾ ദാനം ചെയ്യുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ദേവനന്ദ ഹൈക്കോടതിയെ സമീപിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച വിദഗ്ദ്ധ സമിതി പരിശോധിച്ച് ദേവനന്ദയുടെ ആരോഗ്യനില വിലയിരുത്തി നൽകിയ റിപ്പോർട്ടു കൂടി പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി. അരുൺ അനുമതി നൽകിയത്.
പ്രതീഷിന് കരൾ മാറ്റിവയ്ക്കൽ അനിവാര്യമായതോടെ,യോജിക്കുന്ന ദാതാവിനെ കണ്ടെത്താൻ ഒട്ടേറെ പരിശ്രമങ്ങൾ നടത്തിയിരുന്നു. ഇതിനിടെയാണ് ദേവനന്ദയുടെ കരൾ അനുയോജ്യമാണെന്ന് കണ്ടെത്തിയത്. എന്നാൽ, നിയമപരമായവിലക്ക് ചൂണ്ടിക്കാട്ടി അപേക്ഷ അധികൃതർ നിഷേധിച്ചിരുന്നു.
ഹൈക്കോടതിയുടെ നിർദേശ പ്രകാരം രൂപം നൽകിയ വിദഗ്ദ്ധ സമിതി ദേവനന്ദയെ പരിശോധിച്ച് കരൾ പകുത്തു നൽകാൻ അനുയോജ്യയാണെന്ന് റിപ്പോർട്ട് നൽകി. അതേസമയം, കരൾ സ്വീകരിക്കാൻ പ്രതീഷിന് ആരോഗ്യപരമായി ശേഷിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ചികിത്സ നടത്തുന്ന സ്വകാര്യ ആശുപത്രി വ്യത്യസ്തമായ മെഡിക്കൽ ഉപദേശമാണ് നൽകിയത്. തുടർന്ന്, ഹൈക്കോടതി നിർദേശപ്രകാരം വീണ്ടും വിദഗ്ദ്ധ സമിതി പരിശോധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിന് കരൾ നൽകാൻ ദേവനന്ദയ്ക്ക് കോടതിയിൽ നിന്ന് അനുമതി ലഭിക്കുന്നത്.
ഹൈക്കോടതിയുടെ അഭിനന്ദനം
പിതാവിന് കരൾ പകുത്തു നൽകാൻ ദൃഢനിശ്ചയത്തോടെ ദേവനന്ദ നടത്തിയ പോരാട്ടത്തെ ഹൈക്കോടതി അഭിനന്ദിച്ചു. അച്ഛന്റെ ജീവൻ രക്ഷിക്കാൻ മകൾ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ദേവനന്ദയെപ്പോലെയുള്ള മക്കളുള്ള മാതാപിതാക്കൾ അനുഗ്രഹീതരാണെന്ന് ഹൈക്കോടതി പറഞ്ഞു.
ദേവനന്ദയ്ക്ക് അഭിനന്ദനവുമായി ആരോഗ്യമന്ത്രി
അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. അച്ഛനോടുള്ള മകളുടെ അദമ്യമായ സ്‌നേഹത്തിന്റേയും അസാധാരണമായ നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകം കൂടെയായി ദേവനന്ദ മാറുന്നുവെന്നും മന്ത്രി പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു അഭിനന്ദനം.
പോസ്റ്റിന്റെ പൂർണരൂപം
അച്ഛന്റെ ജീവന് വേണ്ടിയുള്ള ഒരു മകളുടെ അസാധാരണമായ നിശ്ചയദാര്‍ഢ്യത്തിന് അംഗീകാരം. കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് കരള്‍ പകുത്ത് നല്‍കാന്‍ മകള്‍ ദേവനന്ദയ്ക്ക് ഹൈക്കോടതി അനുമതി നല്‍കി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തില്‍ മറ്റു ആരുടേയും കരള്‍ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകള്‍ ദേവനന്ദയുടെ കരള്‍ അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ മൈനര്‍ ആയ കുട്ടിയില്‍ നിന്നും അവയവം സ്വീകരിക്കാന്‍ നിയമ തടസമുണ്ടായിരുന്നു. തുടര്‍ന്ന് ദേവനന്ദ നല്‍കിയ റിട്ട് ഹര്‍ജിയിന്‍മേലാണ് അനുകൂല വിധിയുണ്ടായത്. അവയവദാന പ്രക്രിയയിലെ ചരിത്രത്തിന്റെ ഭാഗമായി ദേവനന്ദ മാറുകയാണ്. ഒപ്പം അച്ഛനോടുള്ള മകളുടെ അദമ്യമായ സ്‌നേഹത്തിന്റേയും അസാധാരണമായ നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകം കൂടെയായി ദേവനന്ദ മാറുന്നു.