vinodhini

കേരളത്തിലെ ലോ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി ഗോത്രവിഭാഗം വിദ്യാര്‍ത്ഥിനി വിനോദിനി. അട്ടപ്പാടി സ്വദേശിനി വിനോദിനി തിരുവനന്തപുരം ഗവ: ലോകോളേജിൽ നിയമബിരുദ പഠനത്തിനായി പ്രവേശനം നേടി.


കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ലയിലുള്ള നിയമപഠന കേന്ദ്രo ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും, പട്ടികവർഗ വകുപ്പിന്റെയും സഹകരണത്തോടെ അട്ടപ്പാടിയിൽ നടത്തിയ പ്രത്യേക പരിശീലന ക്ലാസിലെ വിദ്യാർത്ഥിനിയാണ് വിനോദിനി.

നിയമ സര്‍വകലാശാലകളില്‍ എല്‍എല്‍ബിക്ക് ചേരുന്നതിനുള്ള പ്രവേശന പരീക്ഷയായ ക്ലാറ്റ് 2022 (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്) എഴുതിയ വിനോദിനി എസ് ടി വിഭാഗത്തിൽ അഖിലേന്ത്യ റാങ്ക് അഞ്ഞൂറിൽ താഴെ കരസ്ഥമാക്കിയിരുന്നു.


കേരള കേന്ദ്രസര്‍വകലാശാല തിരുവല്ല നിയമ പഠന വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ എഡ്യൂക്കേറ്റ് ടു എംപവർ പരിപാടിയുടെ ഭാഗമായാണ് സര്‍വകലാശാലയുടെ തിരുവല്ല നിയമപഠന വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഈ വർഷവും അട്ടപ്പാടിയിൽ താമസിച്ച് പരിശീലന ക്ലാസ് നൽകിയത്.

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ക്ലാസ് നടന്നത്. പാലക്കാട്‌ ജില്ലയിലെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 26 പേർ പരിശീലനം പൂർത്തിയാക്കി പ്രവേശന പരീക്ഷ എഴുതിയിരുന്നു.

സ്‌കൂള്‍ ഒഫ് ലീഗൽ സ്റ്റഡീസ് ഡീന്‍ ഡോ.ജയശങ്കര്‍ കെ.ഐ, നിയമ പഠന വിഭാഗം മേധാവി ഡോ.ജെ.ഗിരീഷ് കുമാര്‍,അഭിഭാഷകരും നിയമ ഗവേഷകരുമായ വിശ്രുത് രവീന്ദ്രൻ, അമൃത റഹിം, ശ്രീദേവി,നിയമപഠന വിഭാഗം വിദ്യാർത്ഥികൾ എന്നിവരാണ് കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലരുടെ നിർദേശപ്രകാര അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ താമസിച്ചു ക്‌ളാസെടുത്തിരുന്നത്.


മുൻ വർഷങ്ങളിൽ കേന്ദ്രസർവകലാശാലയുടെ നേതൃത്വത്തിൽ നൽകിയ പരിശീലനത്തിന്റെ ഫലമായി വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തിലെ അഞ്ച് വിദ്യാർത്ഥികൾ ക്ലാറ്റ് പരീക്ഷ വിജയിക്കുകയും നിയമപഠനത്തിനു പ്രവേശനം നേടുകയും ചെയ്തിട്ടുണ്ട്.

വിജയികളെയും ഇതിനു പിന്നിൽ പ്രവർത്തിച്ച തിരുവല്ല നിയമപഠന കേന്ദ്രം അധ്യാപകർ, വിദ്യാർത്ഥികൾ, അഭിഭാഷകർ,DLSA, ട്രൈബൽ ഡിപ്പാർട്മെന്റ് തുടങ്ങിയവരെ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊ. എച്. വെങ്കടെശ്വരലൂ അഭിനന്ദിച്ചു. അട്ടപ്പാടിയിലെ ചവടിയൂരിൽ മേലേമൂള്ളി വിദിയന്റെ മകളാണ് വിനോദിനി.