tiago-ev

ടാറ്റ മോട്ടോർസ് തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ടിയാഗോ ഇവിയുടെ വില വർദ്ധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ജനുവരിയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ പുതിയ വില നടപ്പിലാക്കുമെന്നാണ് ടാറ്റ മോട്ടോർസ് അറിയിച്ചതായാണ് റിപ്പോർട്ട്. ഇവിയുടെ വില ഏകദേശം 30,000 രൂപ മുതൽ 35,000 രൂപ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ തുക ജനുവരിയിൽ ആയിരിക്കും പുറത്തുവിടുക.

ഈ വർഷം ആദ്യം പുറത്തിറങ്ങിയപ്പോൾ ടാറ്റ ടിയാഗോ ഇവിയുടെ വില 8.49 ലക്ഷം മുതൽ 11.49 ലക്ഷം രൂപ വരെയായിരുന്നു. ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് മാത്രമേ പ്രാരംഭ വിലകൾ സാധുതയുള്ളൂവെന്ന് ടാറ്റ മോട്ടോർസ് വാഹനത്തിന്റെ ലോഞ്ച് സമയത്ത് പറഞ്ഞതിനാൽ ഈ വിലയിലെ മാറ്റം നേരത്തെ പ്രതീക്ഷിച്ചിരുന്നു. ബുക്കിംഗ് തുടങ്ങി മികച്ച പ്രതികരണം ലഭിച്ചതിനാൽ ഈ ഓഫ‌ർ പിന്നീട് ആദ്യത്തെ 20,000 ഉപഭോക്താക്കൾക്കും ടാറ്റ നീട്ടി.

ബാറ്ററി വില 30-35 ശതമാനം വർദ്ധിച്ചതും വില പരിഷ്ക്കാരത്തിന്റെ മറ്റൊരു കാരണമായി ടാറ്റയുടെ മാനേജിംഗ് ഡയറക്ടർ ശെെലേഷ് ചന്ദ്ര പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ന്യായമായ വിലയുള്ള ഇലക്ട്രിക് വാഹനമാണ് ടിയാഗോ ഇവി.