'കടുവ'യ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ച ചിത്രമാണ് 'കാപ്പ'. ഇന്നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. തിരുവനന്തപുരം നഗരത്തിൽ അഴിഞ്ഞാടിയ ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രം പറയുന്നത്. പൃഥ്വിരാജിനെക്കൂടാതെ ആസിഫലി, അപർണ ബാലമുരളി, അന്നബെൻ, ജഗദീഷ് തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇപ്പോഴിതാ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ്, അപർണ ബാലമുരളി, ആസിഫലി, ജഗദീഷ് അടക്കമുള്ള താരങ്ങൾ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 'സിനിമയിൽ വളരെ വ്യക്തമായി തന്നെ 'കാപ്പ' അഥവാ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്താണെന്ന് പറയുന്നുണ്ട്. സിനിമ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.'- പൃഥ്വിരാജ് വ്യക്തമാക്കി.
'ഇപ്പോഴത്തെ നല്ല കാര്യമായി എനിക്ക് തോന്നുന്നത് സംവിധായകന്റെയും അണിയറ പ്രവർത്തകരുടെയും ആത്മാർത്ഥതയും കഠിനാധ്വാനവും പ്രേക്ഷകർ തിരിച്ചറിയുന്നുവെന്നതാണ്. ഈ ചിത്രത്തിന്റെ കാര്യം പറയുകയാണെങ്കിൽ ഇന്ദുഗോപന്റെ കഥ വ്യത്യസ്തമാണെന്ന് പ്രേക്ഷകർക്ക് ഫീൽ ചെയ്തു. ഷാജി കൈലാസ് ഇതുവരെ ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഇതൊക്കെ കണക്കിലെടുക്കുമ്പോൾ സിനിമ പ്രേക്ഷകർ സ്വീകരിക്കും.'- ജഗദീഷ് പറഞ്ഞു.
എമ്പുരാനെക്കുറിച്ചും പൃഥ്വിരാജ് വെളിപ്പെടുത്തി. 'എമ്പുരാൻ അഞ്ഞൂറ് കോടിയിലൊന്നുമല്ല ചെയ്യുന്നത്. അതിന്റെയൊന്നും ഏഴയലത്ത് വരില്ല ആ സിനിമയ്ക്ക്. വലിയ സിനിമയാണ്, അതായത് കഥാപശ്ചാത്തലം വലുതാണ്. നിങ്ങൾ ലൂസിഫറിൽ കണ്ടതിന് മുമ്പും ശേഷവും നടക്കുന്ന കാര്യങ്ങൾ എമ്പുരാനിലുണ്ട്. എവിടെയാണ് ഷൂട്ട് ചെയ്യുന്നത് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.'- താരം പറഞ്ഞു.
മമ്മൂട്ടി ആസിഫലിക്ക് റോളക്സ് വാച്ച് കൊടുത്തതുപോലെ എമ്പുരാൻ കഴിയുമ്പോൾ ലാലേട്ടൻ വല്ല ലംബോർഗിനും പൃഥ്വിയ്ക്ക് തരുമോ എന്ന ചോദ്യത്തിന് 'തരുമായിരിക്കും, അതാണ് പ്രതീക്ഷ.'- എന്നാണ് പൃഥ്വിരാജ് ചിരിച്ചുകൊണ്ട് പറഞ്ഞത്.