
 12 വർഷത്തിനിടെ വളർച്ച 303%
ന്യൂഡൽഹി: നികുതിവരുമാനത്തിൽ കഴിഞ്ഞ 12 വർഷത്തിനിടെ കേന്ദ്രസർക്കാർ കുറിച്ചത് 303 ശതമാനം വളർച്ച. 2009-10ൽ 6.2 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. 2021-22ൽ സമാഹരിച്ചത് 25.2 ലക്ഷം കോടി രൂപയും. ഇക്കാലയളവിൽ ഇന്ത്യയുടെ ജി.ഡി.പി മൂല്യം 76.5 ലക്ഷം കോടി രൂപയിൽ നിന്ന് 93 ശതമാനം ഉയർന്ന് 147.4 ലക്ഷം കോടി രൂപയായി. ജി.ഡി.പിയിൽ കേന്ദ്രത്തിന്റെ മൊത്ത നികുതിവരുമാനത്തിന്റെ അനുപാതം 2009-10ലെ 8.2 ശതമാനത്തിൽ നിന്ന് 17.1 ശതമാനത്തിലുമെത്തി.
2021-22ൽ കേന്ദ്രത്തിന്റെ മൊത്ത നികുതിവരുമാനത്തിൽ 26.8 ശതമാനവും ചരക്ക്-സേവനനികുതിയാണ് (ജി.എസ്.ടി); 6.75 ലക്ഷം കോടി രൂപ. 6.35 ലക്ഷം കോടി രൂപയുമായി കോർപ്പറേറ്റ് നികുതിയാണ് രണ്ടാമത് (വിഹിതം 25.2 ശതമാനം). വ്യക്തിഗത ആദായനികുതിയിനത്തിൽ 6.15 ലക്ഷം കോടി രൂപ നേടി (24.4 ശതമാനം).
വരുമാനക്കുതിപ്പ് തുടരുന്നു
നികുതിവരുമാനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം കാഴ്ചവച്ച കുതിപ്പ് കേന്ദ്രസർക്കാർ നടപ്പുവർഷവും തുടരുകയാണ്. ഈവർഷം ഏപ്രിൽ-ഒക്‌ടോബറിൽ കേന്ദ്രത്തിന്റെ മൊത്തം നികുതിവരുമാനം 16.1 ലക്ഷം കോടി രൂപയാണ്. 2021-22ലെ സമാനകാലത്ത് വരുമാനം 13.6 ലക്ഷം കോടി രൂപയായിരുന്നു. ഈവർഷം ഒക്‌ടോബർ വരെ കോർപ്പറേറ്റ് നികുതി 28 ശതമാനവും വ്യക്തിഗത ആദായനികുതി 24 ശതമാനവും സമാഹരണവളർച്ച കുറിച്ചു.
₹27.6 ലക്ഷം കോടി
നടപ്പുവർഷം കേന്ദ്രസർക്കാർ മൊത്ത നികുതിവരുമാനമായി സമാഹരിച്ചത് 16.1 ലക്ഷം കോടി രൂപയാണ്. നടപ്പുവർഷം ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടിട്ടുള്ള 27.6 ലക്ഷം കോടി രൂപയുടെ 58 ശതമാനമാണിത്.
നികുതിയേതര വരുമാനത്തിലും നേട്ടം
നികുതിയിതര വരുമാനത്തിൽ 2.7 ലക്ഷം കോടി രൂപയാണ് നടപ്പുവർഷത്തെ ലക്ഷ്യം. ഏപ്രിൽ-ഒക്‌ടോബറിൽ തന്നെ 66.3 ശതമാനം (1.8 ലക്ഷം കോടി രൂപ) നേടിക്കഴിഞ്ഞു.
റിസർവ് ബാങ്കിൽ നിന്നുള്ള സർപ്ളസ് വിഹിതം, ടെലികോം ഫീസ് വരുമാനം എന്നിവ നടപ്പുവർഷം കുറയുമെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭവിഹിതത്തിലെ വർദ്ധനയാണ് കേന്ദ്രത്തെ തുണയ്ക്കുക.
 നടപ്പുവർഷം റിസർവ് ബാങ്കിൽ നിന്ന് സർപ്ലസ് വിഹിതമായി കേന്ദ്രത്തിന് ലഭിച്ചത് 30,307 കോടി രൂപ. കേന്ദ്രം പ്രതീക്ഷിച്ചത് 50,000 കോടി രൂപയായിരുന്നു.
 52,806 കോടി രൂപയാണ് ടെലികോം ഫിസീനത്തിൽ ലക്ഷ്യം. എന്നാൽ, ഈയിനത്തിൽ 14,000 കോടി രൂപ കുറയുമെന്നാണ് വിലയിരുത്തൽ.
 പൊതുമേഖലാ സ്ഥാപനങ്ങളിലെ ലാഭവിഹിതമായി 40,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ 34,051 കോടി രൂപ (85 ശതമാനം) നേടിക്കഴിഞ്ഞു.