
പനാജി: ഗോവയിൽ അനുമതിയില്ലാതെ നിർമാണ പ്രവർത്തനം നടത്തിയെന്നാരോപിച്ച് തെലുങ്ക് നടൻ നാഗാർജുനയ്ക്കെതിരെ പഞ്ചായത്തിന്റെ നോട്ടീസ്. വടക്കൻ ഗോവയിലെ മാൻഡ്രേം പഞ്ചായത്തിൽ അനധികൃത നിർമാണം നടത്തിയെന്നാരോപിച്ചാണ് നോട്ടിസ് കെെമാറിയത്.
പഞ്ചായത്തിൽ നിന്നും മുൻകൂർ അനുമതി വാങ്ങാതെയാണ് മാൻഡ്രേം ഗ്രാമത്തിൽ നാഗാർജുന നിർമാണ പ്രവർത്തനം നടത്തിയത്. നിർമാണ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ട പഞ്ചായത്താംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഈ വസ്തു നാഗാർജുനയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയത്. നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കണമെന്നും അല്ലെങ്കിൽ ഗോവ പഞ്ചായത്ത് രാജ് ആക്ട് 1994 പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നൽകി.
നാഗാർജുനയുടെ മൂന്ന് ചിത്രങ്ങലാണ് ഈ വർഷം പുറത്തിറങ്ങിയത്. 'ബ്രഹ്മാസ്ത്ര'യിലൂടെ ഈ വർഷം ഹിന്ദി സിനിമയിലേക്കും നാഗാർജുന ചുവടുവച്ചിരുന്നു.