nida-fathima

അരലക്ഷം രൂപ വാങ്ങിയിട്ടും കേരളത്തിന്റെ കളിക്കാർക്ക് താമസം ഒരുക്കാതെ ദേശീയ ഫെഡറേഷൻ

തിരുവനന്തപുരം : കേരള ഹൈക്കോടതിയുടെ ഉത്തരവും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കത്തുമായി എത്തിയ കേരള ടീമിൽ നിന്ന് മത്സരത്തിൽ പങ്കെടുക്കാനുള്ള ഫീസായി അരലക്ഷം രൂപ വാങ്ങിയിട്ടും താമസമോ ഭക്ഷണമോ നൽകാതിരുന്ന ദേശീയ സൈക്കിൾ പോളോ ഫെഡറേഷന്റെ അനാസ്ഥയാണ് നാഗ്പുരിൽ നിദ ഫാത്തിമ എന്ന പത്തുവയസുകാരിയുടെ ദാരുണാന്ത്യത്തിന് കാരണമായത്. താമസവും ഭക്ഷണവും നൽകാൻ കോടതിവിധിയിൽ ഇല്ലെന്ന ന്യായം പറഞ്ഞാണ് നിദയടക്കമുള്ള കുഞ്ഞുങ്ങളെ താത്കാലിക താമസസൗകര്യം തേടാൻ നിർബന്ധിതരാക്കിയത്. എന്നാൽ പങ്കെടുക്കുന്നവർക്ക് താമസവും ഭക്ഷണവും നൽകാനായി വാങ്ങുന്ന പണം തങ്ങളുടെ അക്കൗണ്ടിലിടാൻ നിർബന്ധിക്കുകയും ചെയ്തു.

കേരളത്തിൽ അസോസിയേഷൻ രണ്ട്

സൈക്കിൾ പോളോയ്ക്ക് കേരളത്തിൽ രണ്ട് അസോസിയേഷനുകളാണുള്ളത്. ഇതിൽ ഒന്നിന് മാത്രമാണ് ദേശീയ ഫെഡറേഷന്റെ അംഗീകാരം. പക്ഷേ ഈ അസോസിയേഷന് സംസ്ഥാന സർക്കാരിന്റെയും സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരമില്ല. സ്പോർട്സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനെ ഫെഡറേഷൻ അംഗീകരിച്ചിട്ടില്ല. ഈ വടംവലിയാണ് ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തെ പ്രതിനിധീകരിച്ച് രണ്ട് ടീമുകൾ പോകുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് ഒരു ദേശീയ ചാമ്പ്യൻഷിപ്പിനിടെ മോശം അമ്പയറിംഗിലൂടെ കേരള ടീമിനെ തോൽപ്പിച്ചതിനെതിരെ കേരള സൈക്കിൾപോളോ അസോസിയേഷൻ പ്രതിഷേധമുയർത്തിയിരുന്നു. ഇതിന്റെ പകതീർക്കാൻ ദേശീയ ഫെഡറേഷൻ നിലവിലെ കേരള അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുകയും മറ്റൊരു അസോസിയേഷന് അംഗീകാരം നൽകുകയുമായിരുന്നു. ഇതിനെതിരെ പഴയ അസോസിയേഷൻ വർഷങ്ങളോളം കേസ് നടത്തുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. കോടതിവിധി പരിഗണിച്ചാണ് കൗൺസിൽ ഈ അസോസിയേഷന് അംഗീകാരം നൽകിയത്. എന്നാൽ ദേശീയ ഫെഡറേഷൻ ഇവർക്ക് അംഗീകാരം നൽകിയിട്ടുമില്ല.

ദേശീയ ഫെഡറേഷൻ അംഗീകരിച്ച അസോസിയേഷനിൽ നിന്ന് പോകുന്ന ടീമിന് സംസ്ഥാന സ്പോർട്സ് കൗൺസിൽ യാത്രാബത്തയോ ടീം കിറ്റോ നൽകില്ല. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലാത്ത അസോസിയേഷൻ സാധാരണഗതിയിൽ കോടതിയെ സമീപിച്ച് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അനുമതി വാങ്ങും. സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ളതിനാൽ ഇവർക്ക് കൗൺസിലിൽ നിന്ന് യാത്രാബത്തയും ജഴ്സിയും മറ്റും ലഭിക്കും. നാഗ്പൂരിലേക്ക് ഇങ്ങനെ കോടതി വിധിയുടെ പിൻബലത്താൽ, കൗൺസിലിന്റെ അനുമതിയോടെ പോയ ടീമിൽ അംഗമായിരുന്നു ഫിദ.

ഫെഡറേഷന്റെ ഇരട്ടത്താപ്പ്

കേരള ഹൈക്കോടതി വിധിയുമായി എത്തിയ ടീമിനെ പങ്കെടുപ്പിക്കാതിരുന്നാൽ കോടതി അലക്ഷ്യമാകുമെന്നതിനാൽ മാത്രമാണ് മത്സരിക്കാൻ അനുമതി നൽകിയത്. പാർട്ടിസിപ്പേഷൻ ഫീ എന്ന പേരിൽ അരലക്ഷം രൂപ ഇവരിൽ നിന്ന് അക്കൗണ്ട് വഴി വാങ്ങുകയും ചെയ്തു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ കുട്ടികൾക്ക് നൽകിയതുപോലെ താമസസൗകര്യമോ ഭക്ഷണമോ നൽകിയില്ല. അത് കോടതി ഉത്തരവിൽ പറയുന്നില്ലെന്നായിരുന്നു ദേശീയ ഫെഡറേഷൻ സെക്രട്ടറിയുടെ ധിക്കാരത്തിലുള്ള മറുപടി. തുടർന്നാണ് നാഗ്പൂരിലെ കൊടുംതണുപ്പിൽ താത്കാലിക താമസം സംഘടിപ്പിക്കേണ്ടിവന്നത്.

ബലയാടാവുന്ന കായികതാരങ്ങൾ

അസോസിയേഷനുകളിലെ അധികാരവടംവലിയുടെ ബലിയാടാവുന്നത് പാവം കായികതാരങ്ങളാണ്. സംസ്ഥാനത്ത് സൈക്കിൾ പോളോയിൽ മാത്രമല്ല നിരവധി കായിക ഇനങ്ങളിൽ രണ്ടും ചിലതിൽ മൂന്നും അസോസിയേഷനുകളുണ്ട്. ഒരു ടീമിന് മാത്രമാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അനുമതി എന്നതിനാൽ പലപ്പോഴും ഇക്കാര്യം കോടതികയറുന്നു. അധികാരക്കസേയിലിരിക്കാൻ വേണ്ടി ചിലർ നടത്തുന്ന വടംവലിയിൽ പല മികച്ച കായികതാരങ്ങളുടെയും അവസരമാണ് നഷ്ടമാവുന്നത്.