
എഡിൻബർഗ്: ഭക്ഷണപ്രേമികളുടെ പ്രിയവിഭവമായ ചിക്കൻ ടിക്ക മസാലയുടെ സൃഷ്ടാവ് അലി അഹമ്മദ് അസ്‌ലം ഭക്ഷണലോകത്തോട് വിടപറഞ്ഞു. 77 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഗ്ളാസ്‌ഗോയിലെ അലിയുടെ ഭക്ഷണശാലയായ ശിഷ് മഹലാണ് അദ്ദേഹത്തിന്റെ മരണവിവരം പുറത്തുവിട്ടത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം 48 മണിക്കൂർ റസ്റ്റോറന്റ് അടച്ചിടുമെന്നും അറിയിച്ചു.
സ്കോട്ട്‌ലൻഡ് നഗരമായ ഗ്ളാസ്‌ഗോയിൽ നിന്നുള്ള ഷെഫായ അലി 1970ൽ ശിഷ് മഹലിലാണ് ചിക്കൻ ടിക്ക മസാല ആദ്യമായി തയ്യാറാക്കിയത്. പുതിയ വിഭവം ഉണ്ടാക്കാനിടയായ സാഹചര്യം 2009ൽ ഒരു അഭിമുഖത്തിൽ അലി വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം തയ്യാറാക്കിയ ചിക്കൻ ടിക്ക വളരെ വരണ്ടതാണെന്ന് ഒരു കസ്റ്റമർ പരാതിപ്പെട്ടതാണ് പുതിയ വിഭവത്തിന്റെ പിറവിയ്ക്ക് കാരണമായത്. തക്കാളി സൂപ്പിൽ നിന്ന് ഉണ്ടാക്കുന്ന സോസ് ഉപയോഗിച്ചായിരുന്നു ചിക്കൻ ടിക്ക മസാല തയ്യാറാക്കിയത്. യോഗർട്ട്, ക്രീം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയായിരുന്നു സോസിലെ പ്രധാന ചേരുവകൾ. പിന്നാലെ ഇത് ബ്രിട്ടീഷ് ഭക്ഷണശാലകളിലെ ഏറ്റവും പ്രശസ്തമായ വിഭവമായി മാറുകയായിരുന്നു. ചിക്കൻ ടിക്ക മസാല ബ്രിട്ടീഷുകാരുടെ ദേശീയ ഭക്ഷണമായി മാറിയെന്ന് ബ്രിട്ടന്റെ മുൻ വിദേശകാര്യ മന്ത്രി റോബിൻ കുക്ക് ഒരിക്കൽ പറഞ്ഞിരുന്നു.
അലിയുടെ ജീവിതംതന്നെ സ്വന്തം ഭക്ഷണശാലയായിരുന്നെന്ന് ബന്ധുവായ ആന്ദലീപ് അഹമ്മദ് പറയുന്നു. അദ്ദേഹം എന്നും സ്വന്തം റെസ്റ്റോറന്റിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുമായിരുന്നു. എന്നാലദ്ദേഹം ചിക്കൻ ടിക്ക മസാല ഇടയ്ക്കിടെ കഴിക്കുമായിരുന്നോ എന്നതിൽ ഉറപ്പില്ലെന്നും ആന്ദലീപ് കൂട്ടിച്ചേർത്തു.
പാകിസ്ഥാനിലെ പഞ്ചാബിൽ ജനിച്ച അലി ബാല്യകാലത്തുതന്നെ കുടുംബത്തോടൊപ്പം ഗ്ളാസ്‌ഗോയിലേയ്ക്ക് കുടിയേറിയിരുന്നു. 1964ലാണ് ഗ്ളാസ്‌ഗോയിൽ സ്വന്തം ഭക്ഷണശാലയായ ശിഷ് മഹൽ തുറക്കുന്നത്. തന്നെ ദത്തെടുത്ത നഗരത്തിനുള്ള സമ്മാനമായാണ് അദ്ദേഹം ചിക്കൻ ടിക്ക മസാലയെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ 2009ൽ യൂറോപ്യൻ യൂണിയൻ ഈ വിഭവത്തിന് "പ്രൊട്ടക്റ്റഡ് ഡെസിഗ്നേഷൻ ഓഫ് ഒറിജിൻ" പദവി നൽകുന്നതിനായി അദ്ദേഹം നടത്തിയ പ്രചാരണം പരാജയപ്പെട്ടിരുന്നു.