
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിദ്യുത് ജംവാൾ. തെലുങ്ക് ചിത്രം ശക്തിയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന വിദ്യുത് ജംവാൾ മികച്ച കളരിപ്പയറ്റ് അഭ്യാസി കൂടിയാണ്. ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് മോഹൻലാൽ - ലിജോ ജോസ് പെല്ലിശേരി ചിത്രം ഒരുങ്ങുന്നത്. ഫോഴ്സ് എന്ന ചിത്രത്തിലൂടെയാണ് വിദ്യുതിന്റെ ബോളിവുഡ് പ്രവേശം. തമിഴിൽ അജിത്തിന്റെ ബില്ല 2, വിജയ്‌യുടെ തുപ്പാക്കി, സൂര്യയുടെ അൻജാൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ച വിദ്യുതിന്റെ ആദ്യ മലയാള ചിത്രം മോഹൻലാലിനൊപ്പം എന്നത് ശ്രദ്ധേയം.നിർമാതാവ് കൂടിയായ വിദ്യുത് കമാൻഡോ ഫിലിം സീരിസ് വേഷങ്ങളിലൂടെയാണ് കുടുതൽ അറിയപ്പെടുന്നത്. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഫഹദ് ഫാസിൽ ചിത്രം ഹരത്തിലൂടെ മലയാളത്തിനും പരിചിതയാണ് രാധിക .