
അമൃത്‌സർ: പഞ്ചാബ് അതിർത്തിയിൽ സുരക്ഷാസേന വീണ്ടും പാക് ഡ്രോൺ വെടിവച്ചിട്ടു. തൺ തരൺ ജില്ലയിലെ ഫോരസ്പൂർ അതിർത്തിയിൽ ഡ്രോൺ കണ്ടെത്തിയതിനെത്തുടർന്ന് വെടി വച്ചിടുകയായിരുന്നു. നുഴഞ്ഞുകയറ്രശ്രമം അതിർത്തി രക്ഷാസേന പരാജയപ്പെടുത്തിയതായി ബി.എസ്.എഫ് അറിയിച്ചു. തുടർന്ന് പ്രദേശം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് ഡ്രോൺ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് സേന അറിയിച്ചു. അടുത്തിടെയായി നിരവധി ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ബി.എസ്.എഫ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അമൃത്‌സർ ഡാവോക്ക് ബോർഡർ ഔട്ട്പോസ്റ്റിൽ പാക് ഡ്രോൺ വെടിവച്ചിട്ടിരുന്നു.