
ലണ്ടൻ : ചിക്കൻ ടിക്ക മസാല വിഭവത്തിന്റെ സ്രഷ്ടാവെന്ന പേരിൽ അറിയപ്പെടുന്ന യു.കെയിലെ ഗ്ലാസ്ഗോ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഷെഫ് അലി അഹ്‌മ്മദ് അസ്‌ലം (77) അന്തരിച്ചു. യു.കെയിലെ ഏറ്റവും ജനപ്രിയ റസ്റ്റോറന്റുകളിലൊന്നാണ് 1964ൽ ഇദ്ദേഹം ആരംഭിച്ച ' ശിഷ് മഹൽ ". അലിയോടുള്ള ആദരസൂചകമായി ശിഷ് മഹൽ റസ്റ്റോറന്റ് 48 മണിക്കൂർ അടഞ്ഞുകിടന്നു. തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്നും സംസ്കാരം ചൊവ്വാഴ്ച ഗ്ലാസ്ഗോ സെൻട്രൽ മോസ്കിൽ നടന്നെന്നും ബന്ധുക്കൾ അറിയിച്ചു. ചിക്കൻ ടിക്ക ഉണങ്ങിപ്പോയെന്നും ഇതിനൊപ്പം എരിവില്ലാത്ത അല്പം സോസ് കൂടിയുണ്ടായാൽ നന്നാകുമായിരുന്നെന്നും ഒരു കസ്റ്റമർ പരാതിപ്പെട്ടതോടെ 1970കളിലാണ് ഇദ്ദേഹം ചിക്കൻ ടിക്ക മസാലയ്ക്ക് രൂപം നൽകിയതെന്ന് പറയപ്പെടുന്നു. കസ്റ്റമറുടെ പരാതി കണക്കിലെടുത്ത് യോഗർട്ട്, ക്രീം, മസാലകൾ തുടങ്ങിയവ അടങ്ങിയ സോസ് കൂടി ചിക്കൻ ടിക്കയിലേക്ക് ചേർത്തതോടെ വിഭവം വൻ ഹിറ്റായി.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച അസ്‌ലം കുട്ടിയായിരിക്കെ കുടുംബത്തോടൊപ്പം ഗ്ലാസ്ഗോയിലേക്ക് കുടിയേറുകയായിരുന്നു. അതേസമയം, ചിക്കൻ ടിക്ക മസാലയുടെ യഥാർത്ഥ സ്രഷ്ടാവെന്ന പദവി സ്വന്തമാക്കാൻ അലിക്ക് പൂർണ്ണമായും കഴിഞ്ഞിട്ടില്ല. യു.കെയിലെ മറ്റ് ചില റസ്റ്റോറന്റുകളും ഇതേ വാദം ഉന്നയിച്ച് രംഗത്തുണ്ട്. 2009ൽ ചിക്കൻ ടിക്ക മസാലയുടെ പേരിൽ യൂറോപ്യൻ യൂണിയന്റെ പ്രൊട്ടക്റ്റഡ് ഡെസിഗ്നേഷൻ ഒഫ് ഒറിജിൻ പദവിക്കായി അലി ശ്രമിച്ചെങ്കിലും വിഫലമായി. യു.കെയുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നായ ചിക്കൻ ടിക്ക മസാല ഇന്ന് ലോകമെമ്പാടുമുള്ള ഭൂരിഭാഗം റസ്റ്റോറന്റുകളിലും ലഭ്യമാണ്.