shihabuddin

വണ്ടൂർ: ട്രെയിനിൽ യാത്രക്കാരിക്ക് മുന്നിൽ അശ്ളീല പ്രദർശനം നടത്തിയ കേസിൽ വണ്ടൂർ വെളളാമ്പുറം സ്വദേശി പിലാക്കാടൻ ഷിഹാബുദ്ദീനെ (ഷിബു-34) പൊലീസ് അറസ്റ്റ് ചെയ്തു.17നാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന യുവതി ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ വാണിയമ്പലത്തുള്ള ബന്ധുവിന്റെ വീട്ടിലേയ്ക്ക് വരികയായിരുന്നു. രാത്രി 9.20ഓടെ ട്രെയിൻ തൊടികപ്പുലം സ്റ്റേഷൻ കഴിഞ്ഞപ്പോൾ കമ്പാർട്ട്മെന്റിൽ തനിച്ചായ യുവതിയുടെ എതിർവശത്തിരുന്ന പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയും അശ്ളീല പ്രദർശനം നടത്തുകയും ചെയ്തു. പ്രതിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവതി വാണിയമ്പലത്തെത്തിയപ്പോൾ ബന്ധുക്കളുടെ സഹായത്തോടെ ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അടുത്ത ദിവസം വീഡിയോദൃശ്യമുൾപ്പെടെ വണ്ടൂർ പൊലീസിൽ പരാതി നല്കി. നടുവത്ത് വച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർ നടപടികൾക്കായി റെയിൽവേ പൊലീസിനു കൈമാറി.