ന്യൂഡൽഹി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സി.രാധാകൃഷ്‌ണന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ വിശിഷ്‌ടാംഗത്വം. രാജ്യത്തെ മുതിർന്ന സാഹിത്യകാരൻമാർക്ക് നൽകുന്ന അംഗീകാരം മലയാളത്തിൽ നിന്ന് ഇതിനു മുമ്പ് എം.ടി.വാസുദേവൻ നായർക്ക് ലഭിച്ചിരുന്നു. കെ.പി.രാമനുണ്ണി, എസ്.മഹാദേവൻ തമ്പി, വിജയലക്ഷ്മി എന്നിവരെ അക്കാഡമി സമിതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
അക്കാഡമിയുടെ മികച്ച നിരൂപണ സാഹിത്യത്തിനുള്ള ഒരുലക്ഷംരൂപയും പ്രശസ്‌തി പത്രവും അടങ്ങിയ പുരസ്കാരം എം.തോമസ് മാത്യുവിന്റെ ‘ആശാന്റെ സീതായനം’ എന്ന കൃതിക്ക് ലഭിച്ചു.
വിവർത്തന പുരസ്കാരം ചാത്തനാത്ത് അച്യുതനുണ്ണിക്കാണ്. വാമനാചാര്യൻ രചിച്ച സംസ്‌കൃത കൃതിയായ കാവ്യാലങ്കാര സൂത്രവൃത്തിയുടെ മലയാള പരിഭാഷയ്ക്കാണ് 50,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങിയ അവാർഡ്.
നാരായന്റെ മലയാളം നോവൽ കൊച്ചരേത്തിയുടെ അസാമീസ് പരിഭാഷയായ അരയനാരിയുടെ രചയിതാവ് ജൂറി ദത്തയ്ക്കും പരിഭാഷയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.