cricket

രണ്ടാം ടെസ്റ്റിൽ ബംഗ്ളാദേശ് ആദ്യ ഇന്നിംഗ്സിൽ 227ന് ആൾഒൗട്ട് , ഇന്ത്യ 19/0

ഉമേഷ് യാദവിനും അശ്വിനും നാലു വിക്കറ്റ് വീതം, ഉനദ്കദിന് രണ്ട് വിക്കറ്റ്

മിർപൂർ : ബംഗ്ളാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ബൗളിംഗിൽ ആധിപത്യം പുലർത്തി ഇന്ത്യ. ഇന്നലെ മിർപൂരിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശിനെ 227 റൺസിൽ ആൾഒൗട്ടാക്കുകയായിരുന്നു ഇന്ത്യ. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 19 റൺസ് എന്ന നിലയിലാണ്. 208 റൺസ് പിന്നിലാണ് ഇപ്പോൾ ഇന്ത്യ.

നാലുവിക്കറ്റ് വീതം വീഴ്ത്തിയ പേസർ ഉമേഷ് യാദവും സ്പിന്നർ രവി ചന്ദ്രൻ അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തിയ പേസർ ജയ്ദേവ് ഉനദ്കദും ചേർന്നാണ് ബംഗ്ളാബാറ്റിംഗിനെ എറിഞ്ഞിട്ടത്. 84 റൺസെടുത്ത മോമിനുൽ ഹഖിന്റെ ഒറ്റയാൾ പോരാട്ടമാണ് ബംഗ്ളാദേശിനെ 200 ക‌ടത്തിയത്.

നജ്മുൽ ഹൊസൈൻ ഷാന്റോയും (24) സാക്കിർ ഹസനും (15) ചേർന്നാണ് ബംഗ്ളാദേശിനായി ഓപ്പണിംഗിനെത്തിയത്. 15-ാമത്തെ ഓവറിൽ സാക്കിറിനെ നായകൻ കെ.എൽ രാഹുലിന്റെ കൈയിലെത്തിച്ച് ജയ്ദേവ് ഉനദ്കദ് ഒരു വ്യാഴവട്ടത്തിന് ശേഷമുള്ള തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി. തൊട്ടടുത്ത ഓവറിൽ അശ്വിൻ ഷാന്റോയെ എൽ.ബിയിൽ കുരുക്കി. തുടർന്ന് മോമിനുലും ഷാക്കിബ് അൽ ഹസനും ചേർന്ന് 82/2 എന്ന സ്കോറിലെത്തിച്ച് ലഞ്ചിന് പിരിഞ്ഞു

ലഞ്ചിന് ശേഷമുള്ള ആദ്യ ഓവറിലെ ആദ്യ പന്തിൽ ഷാക്കിബ് അൽ ഹസനെ ഉമേഷ് യാദവ് മടക്കി അയച്ചു. തുടർന്ന് മോമിനുൽ ഒരറ്റത്ത് പൊരുതിനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ ഓരോന്നായി പൊഴിഞ്ഞു.മുഷ്ഫിഖുർ റഹിമിനെ(26) ഉനദ്കദും ലിട്ടൺദാസിനെ(25) അശ്വിനും മെഹ്‌ദിഹസനെ (15) ഉമേഷും പുറത്താക്കിയതോടെ 184/5 എന്ന സ്കോറിന് ചായയ്ക്ക് പിരിഞ്ഞു.

അവസാന സെഷനിൽ ഉമേഷും അശ്വിനും ചേർന്ന് നൂറുൽ ഹസൻ(6),ടാസ്കൻ അഹമ്മദ്(1),മോമിനുൽ,ഖാലിദ് അഹമ്മദ് (0)എന്നിവരെക്കൂടി പുറത്താക്കി ഇന്നിംഗ്സിന് കർട്ടനിട്ടു

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 14 റൺസുമായി ശുഭ്മാൻ ഗില്ലും മൂന്ന് റൺസുമായി നായകൻ രാഹുലുമാണ് ക്രീസിൽ.

12 വർഷത്തിന് ശേഷം ജയ്ദേവ്

പേസർ ജയ്ദേവ് ഉനദ്കദ് ഇന്നലെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയത് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്. 2010 ഡിസംബർ 16ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ചൂറിയനിൽ ഒരേ ഒരു ടെസ്റ്റ് മാത്രമാണ് ജയ്ദേവ് ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്. അന്ന് ഇരു ഇന്നിംഗ്സുകളിലുമായി ഒരോ റൺ നേടിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. തുടർന്ന് ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാകുകയും ചെയ്തു. ഏഴ് ഏകദിനങ്ങളിലും 10 ട്വന്റി-20കളിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ആദ്യ ടെസ്റ്റിൽ മാൻ ഒഫ് ദ മാച്ചായിരുന്ന സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കിയാണ് ഇന്നലെ ജയ്ദേവിനെ രണ്ടാം ടെസ്റ്റിനുള്ള പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത്. ഇതിനെതിരെ സുനിൽ ഗാവസ്കർ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

118

ടെസ്റ്റ് മത്സരങ്ങളാണ് ജയ്ദേവിന്റെ ആദ്യ ടെസ്റ്റിനും രണ്ടാം ടെസ്റ്റിനുമിടയിൽ ഇന്ത്യൻ ടീം കളിച്ചത്.അന്ന് ജയ്ദേവിനൊപ്പം കളിച്ചവരിൽ ഒരാൾ പോലും ഇപ്പോൾ ടീമിലില്ല. അന്ന് ടീമിലെ അംഗമായിരുന്ന രാഹുൽ ദ്രാവിഡാണ് ഇപ്പോൾ കോച്ച്.