
കൊച്ചി: പാതയോരത്തെ തോരണങ്ങളും പരസ്യബോർഡുകളും മാറ്റി സ്ഥാപിക്കുന്നതിലെ അനാസ്ഥയിൽ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. തൃശ്ശൂരിൽ സ്കൂട്ടർ യാത്രികയായ അഭിഭാഷകയുടെ കഴുത്തിൽ റോഡരികിൽ കെട്ടിയിരുന്ന പ്ളാസ്റ്റിക് കയർ കുരുങ്ങിയുണ്ടായ അപകടത്തെക്കുറിച്ച് ലഭിച്ച പരാതി പരിഗണിക്കവേ ആയിരുന്നു കോടതി രൂക്ഷമായി പ്രതികരിച്ചത്.
ലോകകപ്പിനിടയിൽ സ്ഥാപിച്ച താരങ്ങളുടെ കട്ടൗട്ടുകളും തോരണങ്ങളും നീക്കം ചെയ്യാത്തതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. അനധികൃത തോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് കാറിൽ സഞ്ചരിക്കുന്നവരാണെന്നും അവർക്ക് അത് കൊണ്ട് പ്രശ്നമില്ലെന്നും സാധാരണക്കാരാണ് വലയുന്നതെന്നും കോടതി പറഞ്ഞു. ഇവ നീക്കം ചെയ്യാതെ അധികൃതർ മരണം സംഭവിക്കാനായി കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു.
അതേ സമയം അഭിഭാഷകയ്ക്ക് അപകടമുണ്ടായ സംഭവം ഭയാനകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തൃശ്ശൂർ നഗരസഭാ സെക്രട്ടറിയോട് നാളെ നേരിട്ട് ഹാജരാകാനും നിർദേശിച്ചു. കഴിഞ്ഞ ദിവസം തന്റെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവേയാണ് തോരണം കഴുത്തിൽ കുരുങ്ങി അഡ്വ. കുക്കു ദേവകിയ്ക്ക് പരിക്കേറ്റത്. വാഹനം അമിത വേഗതയിലല്ലാത്തതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തോരണങ്ങൾ അഴിച്ച് മാറ്റിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകിയിരുന്നു.