
ബസ്തി: ഉത്തർപ്രദേശിലെ ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച ടോയ്‌ലറ്റ് കോംപ്ളക്സിലെ വിചിത്രമായ നിർമാണ രീതി വിവാദമായി മാറി. ബസ്തി ജില്ലയിലെ കൗര ഗുണ്ട എന്ന ഗ്രാമത്തിൽ നിർമിച്ച ശൗചാലയം യുക്തിയ്ക്ക് നിരക്കാത്ത രീതിയിലെ വിചിത്രമായ നിർമാണം കൊണ്ടാണ് സോഷ്യൽ മീഡിയയിലടക്കം വാർത്തയായി മാറിയത്. 10 ലക്ഷം രൂപ ചെലവിൽ 'ഇസ്സട്ട് ഘർ' എന്ന പേരിൽ നിർമിച്ച ശൗചാലയ സമുച്ചയത്തിനുള്ളിൽ ഒരു മുറിയ്ക്കുള്ളിൽ യാതൊരു മറയുമില്ലാതെ തന്നെ രണ്ട് ടോയ്‌ലറ്റ് സീറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ശൗചാലയ സമുച്ചയത്തിന്റെ പ്ളാനിംഗിലും നിർമാണത്തിലും വീഴ്ച വ്യക്തമാക്കുന്ന തരത്തിലെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അടക്കം വ്യാപകമായി പ്രചരിക്കുകയായിരുന്നു.പരസ്പരം വേർതിരിക്കാൻ ഭിത്തിയോ മറയോ ഇല്ലാതെ തന്നെ രണ്ട് ടോയ്‌ലറ്റുകൾ ഒരുമിച്ച് സ്ഥാപിച്ചതിനെതിരെ പ്രദേശവാസികളടക്കം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.. നിർമാണത്തിലെ അപാകത കൂടാതെ തന്നെ പല ശൗചാലയങ്ങൾക്കും വാതിലുകൾ സ്ഥാപിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ശൗചാലയ സമുച്ചയം വിവാദമായതിന് പിന്നാലെ സംഭവത്തിന് പിന്നിലെ അഴിമതിയെക്കുറിച്ച് അടക്കം അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.