ukraine

വാഷിംഗ്ടൺ : യുക്രെയിൻ വീണിട്ടില്ലെന്നും ജീവിച്ചിരിക്കുന്നതായും റഷ്യക്ക് മുന്നിൽ തോറ്റുകൊടുക്കില്ലെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. ഇന്നലെ യു.എസിലെത്തിയ അദ്ദേഹം കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് സെലെൻസ്കി യുക്രെയിന് പുറത്തേക്ക് സഞ്ചരിക്കുന്നത്.

യു.എസ് കോൺഗ്രസിൽ 25 മിനിറ്റ് പ്രസംഗം നടത്തിയ സെലെൻസ്കിയെ രണ്ട് മിനിറ്റ് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് അംഗങ്ങൾ പിന്തുണയറിയിച്ചത്. 1944ൽ ഹിറ്റ്‌ലറുടെ നാസി ജർമ്മനിക്കെതിരെ പോരാടിയ ധീരരായ അമേരിക്കൻ സൈനികരെ പോലെ യുക്രെയിൻ സൈന്യം ഈ ക്രിസ്മസിന് പുട്ടിന്റെ സൈന്യത്തോട് പോരാടുകയാണെന്ന് സെലെൻസ്കി പറഞ്ഞു. അമേരിക്കൻ ജനതയും നിയമനിർമ്മാതാക്കളും തങ്ങൾക്ക് പിന്തുണ നൽകുന്നത് തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

' നിങ്ങളുടെ പണം ദാനമല്ല. അത് ആഗോള സുരക്ഷയിലും ജനാധിപത്യത്തിലേക്കുമുള്ള നിക്ഷേപമാണ്. " അദ്ദേഹം കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിനിടെ ചൂണ്ടിക്കാട്ടി. റഷ്യക്ക് മേൽ ഉപരോധം ശക്തിപ്പെടുത്തണമെന്നും സെലെൻസ്കി ചൂണ്ടിക്കാട്ടി. യുക്രെയിന്റെയും യു.എസിന്റെയും സുരക്ഷയ്ക്കായി സെലെൻസ്കി മുന്നോട്ട് വച്ച പത്ത് സമാധാന നിർദ്ദേശങ്ങൾക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പിന്തുണ പ്രഖ്യാപിച്ചു.


 യുക്രെയിൻ ഒരിക്കലും ഒറ്റയ്ക്കാകില്ല


റഷ്യയുടെ അധിനിവേശം ആരംഭിച്ച് 300 ദിവസങ്ങൾ പിന്നിട്ടതിന് പിന്നാലെ യുക്രെയിന് പുറത്തേക്ക് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി നടത്തിയ ആദ്യ വിദേശ യാത്രയായിരുന്നു യു.എസിലേക്ക്. സെലെൻസ്കിയ്ക്ക് വൈറ്റ്‌ഹൗസിൽ ഊഷ്മള വരവേൽപ്പാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജില്ലും ഒരുക്കിയത്. സ്യൂട്ടിന് പകരം ഒലിവ് ഗ്രീൻ നിറത്തിൽ താൻ സാധാരണ ധരിക്കുന്ന മിലിട്ടറി ടീ ഷർട്ടായിരുന്നു സെലെൻസ്കിയുടെ വേഷം.

യുക്രെയിൻ ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും ഓരോ ചുവടിലും അമേരിക്കൻ ജനത ഒപ്പമുണ്ടാകുമെന്നും കൂടിക്കാഴ്ചക്കിടെ ബൈഡൻ സെലെൻസ്കിയോട് പറഞ്ഞു. ഇതിനിടെ ബൈഡന് യുക്രെയിന്റെ മിലിട്ടറി മെഡൽ സെലെൻസ്കി സമ്മാനിച്ചു. വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലെൻസ്കി കോൺഗ്രസിനെ അഭിസംബോധന ചെയ്തത്. സെലെൻസ്കിയുടെ വരവിന് മുന്നോടിയായി യുക്രെയിന് പേട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റം അടക്കം 1.85 ബില്യൺ ഡോളറിന്റെ സൈനിക പാക്കേജ് യു.എസ് പ്രഖ്യാപിച്ചു.


 യു.എസ് പരോക്ഷ യുദ്ധം നടത്തുന്നു: റഷ്യ


യു.എസ് യുക്രെയിന് കൈമാറാൻ പോകുന്ന പേട്രിയറ്റ് മിസൈൽ സിസ്റ്റം യുക്രെയിനുമായുള്ള തങ്ങളുടെ യുദ്ധത്തിന് പരിഹാരമുണ്ടാക്കില്ലെന്നും ലക്ഷ്യങ്ങൾ നേടുന്നതിൽ നിന്ന് തങ്ങളെ തടയില്ലെന്നും റഷ്യ. സെലെൻസ്കിയുടെ യു.എസ് സന്ദർശന വേളയിൽ സമാധാന ചർച്ചകൾ ആരംഭിക്കാനുള്ള സന്നദ്ധതയുടെ ഒരു സൂചന പോലും കണ്ടില്ല.

അവസാന യുക്രെയിനിയനിലേക്ക് എത്തുവരെ റഷ്യയുമായി ഒരു നിഴൽ യുദ്ധം നടത്താനാണ് യു.എസിന്റെ തീരുമാനമെന്ന് ഇതിലൂടെ വ്യക്തമാണ്. സെലെൻസ്കിയോ ബൈഡനോ റഷ്യയുടെ ആശങ്കകൾ കേൾക്കാൻ തയാറല്ലെന്നും ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കൊവ് പറഞ്ഞു.