modi

ന്യൂഡൽഹി : ചൈനയിൽ കൊവിഡ് വ്യാപനത്തിടയാക്കിയ ഉപവകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചു. ജാഗ്രത കൈവിടരുതെന്നും എല്ലാവരും മാസ്ക് ധരിക്കാൻ തയ്യാറാവണമെന്നും മോദി ആവശ്യപ്പെട്ടു . പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനമെടുത്തത്.

ആശുപത്രികളിൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇതുവരെ മുൻകരുതൽ വാക്സിൻ എടുക്കാത്ത പ്രായമായവരും ആരോഗ്യസ്ഥിതി മോശമായവരും ഉടൻതന്നെ ഇതിന് തയ്യാറാവണം. മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ നിർബന്ധമാക്കണമെന്നും മോദി നിർദ്ദേശിച്ചു. രാജ്യാന്തര വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കണം. അവശ്യമരുന്നുകളുടെ വില നിരീക്ഷിക്കണം. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണം. ജനിതക ശ്രേണീകരണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും മോദി ആവശ്യപ്പെട്ടു.