
തിരുവനന്തപുരം: മുൻ മന്ത്രിമാരായ തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദനും മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനും നേരെ നടത്തിയ ലൈംഗികാരോപണങ്ങളിൽ നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി സിപിഎം. ആരോപണ വിധേയരായ നേതാക്കൾക്ക് മാനനഷ്ട കേസ് കൊടുക്കാനായി പാർട്ടി അനുമതി നൽകിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
തനിക്കെതിരെയുള്ള ചിത്രവധത്തിന്റെ മൂന്നാംഘട്ടമാണ് സ്വപ്നയുടെ ആരോപണങ്ങൾ എന്നായിരുന്നു മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ വിഷയത്തിൽ പ്രതികരിച്ചിരുന്നത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രം പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങളാണിതെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും, സംഘ പരിവാറിന്റെ കുബുദ്ധിയും, ആസൂത്രണവും കൊണ്ടുണ്ടായ വ്യക്തിഹത്യയാണ് തനിക്കെതിരെ നടക്കുന്നതെന്നും ശ്രീരാമകൃഷ്‌ണൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
സ്വപ്ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും നിഷേധിച്ചിരുന്നു. മൂന്ന് വർഷത്തിനിടയിൽ ഒരിക്കൽ പോലും പറയാത്ത ആക്ഷേപം ഇപ്പോൾ ബോധപൂർവം ഉയർത്തുകയാണെന്ന് കുറ്റപ്പെടുത്തിയ കടകംപള്ളി, പാർട്ടിയോട് ആലോചിച്ച് സ്വപ്‌നക്കെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കിയിരുന്നു.
കടകംപിള്ളി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും പി ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേയ്ക്ക് ഒറ്റയ്ക്ക് വരാനായി ആവശ്യപ്പെട്ടുവെന്നും തോമസ് ഐസക് തന്നെ മൂന്നാറിലേയ്ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞതായുമടക്കം ഗുരുതര ആരോപണങ്ങളായിരുന്നു സ്വപ്ന സുരേഷ് സിപിഎം നേതാക്കൾക്കെതിരെ ഉന്നയിച്ചത്.