
കാഠ്മണ്ഡു: കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് (78) ഇന്ന് ജയിൽ മോചിതനാകും. നേപ്പാൾ ജയിലിൽ കഴിയുന്ന ശോഭരാജ് 19 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞു. 20 വർഷമായിരുന്നു വിധിക്കപ്പെട്ട ശിക്ഷ.
പ്രായാധിക്യം പരിഗണിച്ച് ശോഭരാജിനെ വിട്ടയക്കാൻ ബുധനാഴ്ചയാണ് നേപ്പാൾ സുപ്രീംകോടതി ഉത്തരവിട്ടത്. ഇന്ന് രാവിലെ ജയിലിൽ നിന്ന് പുറത്തുറങ്ങുന്ന ശോഭരാജിനെ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് അധികൃതർ കൊണ്ടുപോകുമെന്ന് കാഠ്മണ്ഡു സെൻട്രൽ ജയിൽ ജയിലർ ഈശ്വരി പ്രസാദ് പാണ്ഡെ പറഞ്ഞു. ഫ്രഞ്ച് പൗരനായ ശോഭരാജിനെ 15 ദിവസത്തിനുള്ളിൽ ഫ്രാൻസിലേക്ക് നാടുകടത്തും.
ശോഭരാജിനെ ഇന്നലെ മോചിപ്പിക്കാനിരുന്നെങ്കിലും ആരോഗ്യപരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയാവേണ്ടതുണ്ടായിരുന്നെന്ന് പാണ്ഡെ വ്യക്തമാക്കി. കൂടാതെ ശോഭരാജിന് താമസമൊരുക്കാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റും സമയമാവശ്യപ്പെട്ടു.
ശോഭരാജിന്റെ ഇരകളിൽ ഭൂരിഭാഗവും ടൂറിസ്റ്റുകളായിരുന്നു. കവർച്ചയായിരുന്നു ലക്ഷ്യം. ഇയാൾ തായ്‌ലൻഡ്, നേപ്പാൾ, ഇന്ത്യ, മലേഷ്യ, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, തുർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലായി 30ലേറെ ടൂറിസ്റ്റുകളെ കൊന്നെന്ന് കരുതുന്നു. ഇതിൽ 12 കൊലകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിലെ തീഹാർ ജയിലിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
2003ൽ നേപ്പാളിൽ അറസ്റ്റിലായി ശോഭരാജ് അന്നു മുതൽ ജയിലിലായിരുന്നു. 1975ൽ കാഠ്മണ്ഡുവിൽ വച്ച് അമേരിക്കക്കാരി കോണീ ജോ ബ്രോൺസിച്ച്, ഭക്താപൂരിൽ വച്ച് കനേഡിയൻ പൗരനായ ലോറന്റ് കാരിയർ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് ശോഭരാജിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.