
കോൺടാക്ട് ലിസ്റ്റിലുള്ളവർക്കോ അല്ലെങ്കിൽ ഒരു ഗ്രൂപ്പ് ചാറ്റിലേയ്ക്കോ തന്നെ അനൗചിതമായി മെസേജ് അബദ്ധത്തിൽ അയക്കുന്നു എന്ന് കരുതുക. ആ സന്ദേശമോ മീഡിയ ഫയലോ അധികം ആരെങ്കിലും കാണുന്നതിന് മുൻപ് തന്നെ ഡിലീറ്റ് ചെയ്യാനായി വാട്ട്സാപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി 'ഡിലീറ്റ് ഫോർ ആൾ' എന്ന ഓപ്ഷൻ നൽകി വരുന്നുണ്ട്.
എന്നാൽ ഡിലീറ്റ് ഫോർ ആൾ എന്ന് ഓപ്ഷന് പകരമായി അബദ്ധത്തിൽ ചിലരെങ്കിലും 'ഡിലീറ്റ് ഫോർ മീ' എന്ന ഓപ്ഷൻ നൽകിയിട്ടുണ്ടാകും. ഇങ്ങനെ ചെയ്യുന്നത് വഴി എന്താണോ ചെയ്യാൻ ഉദ്ദേശിച്ചത് അതിന് വിപരീതമായ ഫലമാകും ലഭിക്കുക. നമ്മൾ അയച്ച മെസേജ് മറ്റുള്ളവർക്കെല്ലാം ദൃശ്യമാവുകയും പകരം നമ്മുടെ ചാറ്റിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യും.
അയക്കുന്ന മെസേജിന്റെ തരമനുസരിച്ച് ഈ അബദ്ധം പലപ്പോഴും ഉപയോക്താക്കളെ കുരുക്കിലാക്കി എന്ന് വരാം. എന്നാൽ ഇനി മുതൽ അബദ്ധത്തിൽ ഡിലീറ്റ് ഫോർ മീ ഓപ്ഷൻ നൽകിയാലും ഇത്തരത്തിലുള്ള നാണക്കേടിൽ നിന്നും രക്ഷ നേടാനുള്ള പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ്.
ഡിലീറ്റ് ഫോർ മീ അബദ്ധത്തിൽ ചെയ്താൽ തന്നെ ഇനി മുതൽ 'അൺഡൂ' എന്ന ഓപ്ഷൻ കൂടി ആപ്പിൽ ദൃശ്യമാകുന്നതായിരിക്കും. ഇത് വഴി ഡിലീറ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാനും ആവശ്യമെങ്കിൽ വീണ്ടും ഡിലീറ്റ് ഫോർ ആൾ ഓപ്ഷൻ വഴി മറ്റുള്ളവർ കാണുന്നതിന് മുൻപ് തന്നെ ഡിലീറ്റ് ചെയ്യാനും സാധിക്കുന്നതാണ്.
"Delete for Me" 🤦🤦🤦
— WhatsApp (@WhatsApp) December 19, 2022
We've all been there, but now you can UNDO when you accidentally delete a message for you that you meant to delete for everyone! pic.twitter.com/wWgJ3JRc2r
ടെലഗ്രാം അടക്കമുള്ള ആപ്പുകളിൽ കാണുന്നതിന് സമാനമായി കുറച്ച് സമയത്തേയ്ക്ക് മാത്രമായിരിക്കും അൺഡൂ ഓപ്ഷൻ സ്ക്രീനിൽ തുടരുക. അതിനിടയിൽ തന്നെ ഓപ്ഷൻ ഉപയോഗിച്ച് ഡിലീറ്റായ സന്ദേശം തിരിച്ചെടുക്കേണ്ടതാണ്. ആക്സിഡന്റ് ഡിലീറ്റ് എന്നാണ് ഏറെ ഉപകാരപ്രദമാകാൻ പോകുന്ന പുതിയ ഫീച്ചറിനെ വാട്ട്സാപ്പ് വിശേഷിപ്പിക്കുന്നത്.
വാബീറ്റാ ഇൻഫോയാണ് പുതിയ ഫീച്ചറിനെക്കുറിച്ച് സൈബർ ലോകത്തെ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ചില ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ബീറ്റാ ടെസ്റ്റിംഗ് മുഖാന്തരം ലഭിച്ചിരുന്നു.