
ടെൽ അവീവ്: ഇസ്രയേലിൽ ലിക്കുഡ് പാർട്ടി നേതാവ് ബെഞ്ചമിൻ നെതന്യാഹ്യുവിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സഖ്യ സർക്കാരാണ് നെതന്യാഹ്യുവിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തുന്നത്. സർക്കാർ രൂപീകരണത്തിന് നെതന്യാഹ്യുവിന് അനുവദിക്കപ്പെട്ട സമയം പ്രാദേശിക സമയം ബുധനാഴ്ച അർദ്ധരാത്രി അവസാനിച്ചിരുന്നു. ഇതിന് തൊട്ടുമുന്നേയാണ് സർക്കാർ രൂപീകരിച്ചെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗിനെ നെതന്യാഹ്യു അറിയിച്ചത്. അതേ സമയം, പുതിയർ സർക്കാർ എന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് വ്യക്തമല്ല. ജനുവരി 2നകം ഉണ്ടാകുമെന്നാണ് സൂചന. 120 അംഗ പാർലമെന്റിലെ 64 അംഗങ്ങളുടെ പിന്തുണയോടെയാണ് നെതന്യാഹു സർക്കാർ രൂപീകരിക്കുന്നത്. ഇസ്രയേൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നെതന്യാഹു ഇത് ആറാം തവണയാണ് വീണ്ടും ഇതേ സ്ഥാനത്തേക്കെത്തുന്നത്.