
മോസ്കോ : റഷ്യയിലെ മുൻ ഉപപ്രധാനമന്ത്രിയും രാജ്യത്തെ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിന്റെ മുൻ തലവനുമായ ഡിമിട്രി റൊഗോസിന് കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിൽ നടന്ന ഷെല്ലാക്രമണത്തിനിടെ പരിക്ക്. യുക്രെയിൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഡൊണെസ്കിലെ റഷ്യൻ അനുകൂല വിമത ഭരണകൂടത്തിന്റെ നേതാവ് വിറ്റാലി ഖൊറ്റ്ഷെൻകോയ്ക്കും പരിക്കേറ്റെന്ന് റഷ്യൻ വാർത്താ ഏജൻസി അറിയിച്ചു.
ഡോൺബാസ് മേഖലയിൽ റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഡൊണെസ്ക്. നിലവിൽ ഡൊണെസ്കിലും സമീപ പ്രവിശ്യയായ ലുഹാൻസ്കിലും റഷ്യൻ സൈന്യത്തിന്റെ ഉപദേഷകനായി പ്രവർത്തിക്കുകയാണ് റൊഗോസിൻ. റൊഗോസിന്റെ നില ഗുരുതരമല്ല. റൊഗോസിനും വിറ്റാലിയും തങ്ങിയ ഒരു ഹോട്ടലിന് നേരെയാണ് ഷെല്ലാക്രമണമുണ്ടായത്.
2018ൽ റോസ്കോസ്മോസിന്റെ തലവനായി നിയമിച്ച റൊഗോസിനെ ഇക്കഴിഞ്ഞ ജൂലായിലാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള റഷ്യൻ മോഡ്യൂളിന്റെ വിക്ഷേപണം, ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം തുടങ്ങി നിരവധി നേട്ടങ്ങൾ ഇക്കാലയളവിൽ റൊഗോസിന്റെ നേതൃത്വത്തിൽ റോസ്കോസ്മോസ് കൈവരിച്ചിരുന്നു.
സോഷ്യൽ മീഡിയയിലൂടെ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ റൊഗോസിൻ പലപ്പോഴായി രംഗത്തെത്തിയിരുന്നു. നാസയ്ക്കെതിരെയും റൊഗോസിൻ ഭീഷണി മുഴക്കിയിട്ടുണ്ട്.