സ്ത്രീകളെയും പുരുഷൻമാരെയും ഒരു പോലെ അകറ്റുുന്ന പ്രശ്നമാണ് മുടി കൊഴിച്ചിലും അകാല നര. താരൻ, മുടി പൊട്ടൽ, തലയോട്ടിയിലെ വരൾച്ച തുടങ്ങിയവയും കേശസംരക്ഷണത്തിൽ ശ്രദ്ധിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളാണ്. മുടിയുടെ സംരക്ഷണം വാഗ്ദാനം ചെയ്ത് ദിനംപ്രതി നിരവധി ഉത്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്. ഈ ഉത്പന്നങ്ങൾ ഉപയോഗിച്ചിട്ടും ഫലം കാണാത്തവർക്കായി ചില എളുപ്പവഴികൾ പരിചയപ്പെടുത്തുകയാണിവിടെ.
വീട്ടിൽ തന്നെ മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. മുടിയ്ക്ക് ചേരുന്ന പാക്കുകൾ, മുടിക്ക് ചേരുന്ന എണ്ണ ത എന്നിവ തിരഞ്ഞെടുക്കുന്നതിലാണ് കാര്യം.
മുടി സംരക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പല പ്രശ്നങ്ങൾക്കും പരിഹാര മാർഗവുമാണ് മുടിയിൽ എണ്ണ ഇടുന്നത്. തലയോട്ടി നന്നായി എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം കൂട്ടുകയും ആരോഗ്യത്തോടെ മുടി വളരാൻ സഹായിക്കുകയും ചെയ്യും. മുടികൊഴിച്ചിലും താരനുമൊക്കെ മാറ്റി എളുപ്പത്തിൽ മുടി വളരാൻ സഹായിക്കുന്ന എണ്ണ വീട്ടിൽ തന്നെ തയ്യാറാക്കാം.
എണ്ണയിലെ ചേരുവകൾ
മുടി വളർച്ചയ്ക്കായി എണ്ണ തയ്യാറാക്കുമ്പോൾ ഏറ്റവും പ്രധാനം എണ്ണകളിൽ ചേർക്കുന്ന ചേരുവകളാണ്. മുടിയുടെ കാര്യത്തിൽ ഏറ്റവും പ്രധാനമാണ് ഉലുവയും കറിവേപ്പിലയും. യാതൊരുവിധ പാർശ്വഫലങ്ങളുമില്ലാതെ മുടി സമൃദ്ധമായി തഴച്ച് വളരാൻ പ്രോത്സാഹിപ്പിക്കുന്നതിൽ ഉലുവയ്ക്കും കറിവേപ്പിലയക്കും വലിയൊരു പങ്കുണ്ട്.
ഉലുവ
മുടി വളർച്ചയ്ക്കും താരൻ മാറ്റാനുമൊക്കെയുള്ള ഒരു പ്രകൃതിദത്ത പരിഹാര മാർഗമാണ് ഉലുവ. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് ഉലുവ. മുടിയുടെ വേരുകൾക്ക് പോഷകങ്ങൾ നൽകി മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ഉലുവയ്ക്ക് കഴിയും. തലയോട്ടിയിലെ പല പ്രശ്നങ്ങൾക്കും ഉലുവ ഒരു പരിഹാരമാണ്.
കറിവേപ്പില
മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാര മാർഗമാണ് കറിവേപ്പില. കറിവേപ്പിലയിൽ ധാരാളം അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ മികച്ച വളർച്ചയ്ക്കും മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഇത് തലയോട്ടിയിലെ മൃതകോശങ്ങളെയും രോമകൂപങ്ങളെയും നീക്കം ചെയ്യുന്നു.
എണ്ണ തയ്യാറാക്കുന്നത്
ഈ എണ്ണ തയാറാക്കാൻ കടുക് എണ്ണയാണ് ഉപയോഗിക്കുന്നത്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള കടുക് എണ്ണ മുടി വളർച്ചയ്ക്ക് വളരെയധികം സഹായിക്കും.
മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും അകാല നരയെ നിയന്ത്രിക്കാനും കടുക് എണ്ണയ്ക്ക് കഴിയും.
ഒരു പാനിൽ ഒരു കപ്പ് കടുക് എണ്ണ ചൂടാക്കുക.
ഇതിലേക്ക് കറിവേപ്പിലയും ഉലുവയും ചേർത്ത് നന്നായി തിളപ്പിക്കുക. 10 മിനിറ്റോളം എണ്ണ ചൂടാക്കുക.
കറിവേപ്പിലയുടെ നിറം തവിട്ടോ കറുപ്പോ ആകുന്നത് വരെയാണ് എണ്ണ ചൂടാക്കേണ്ടത്.
ഈ എണ്ണ ചൂട് മാറിയ ശേഷം അരിച്ച് എടുക്കുക.
ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഈ എണ്ണ തേച്ച് കുളിക്കാവുന്നതാണ്.