saji-cheriyan

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മുൻ മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തമാക്കിയ പൊലീസ് നടപടി പിൻവലിച്ച് അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതിയിൽ ഹർജി. അന്വേഷണം സിബിഐയ്‌ക്കോ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ അധികാര പരിധിയ്ക്ക് പുറത്ത് കർണാടക പൊലീസിനോ നൽകണമെന്നാണ് അഡ്വ. ബിജു നോയൽ നൽകിയ ഹർജിയിലെ ആവശ്യം.

ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചതിൽ എംഎൽഎയ്ക്ക് എതിരെ നിരവധി സാക്ഷികളുണ്ടായിട്ടും കൃത്യമായി രേഖപ്പെടുത്തി അന്വേഷണം നടത്താതെ സജി ചെറിയാനെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് പൊലീസ് ഹാജരാക്കിയത് എന്നാണ് ഹർജിക്കാരന്റെ ആരോപണം.

സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും നീക്കാൻ നിയമ വ്യവസ്ഥയില്ല എന്ന നിരീക്ഷണത്തോടെയായിരുന്നു ചീഫ് ജസ്റ്റിസ് എസ് മണികുമാർ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അദ്ദേഹത്തിനെതിരായ ഹർജി തള്ളിയത്.ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മുൻ മന്ത്രിയ്‌ക്കെതിരെയുള്ള അന്വേഷണം നിർത്തലാക്കുന്നതായി പൊലീസും റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

മല്ലപ്പള്ളിയിൽ വെച്ച് നടന്ന വിവാദ പ്രസംഗത്തിൽ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി എന്ന ആരോപണമുണ്ടായതിന് പിന്നാലെ രണ്ടാം എൽഡിഎഫ് സർക്കാരിലെ മന്ത്രിയായിരുന്ന സജി ചെറിയാൻ രാജി വെച്ചൊഴിഞ്ഞിരുന്നു. സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയ്ക്കിടയിലായിരുന്നു അദ്ദേഹം ഭരണഘടനയിലെ മൗലികാവകാശങ്ങൾ ചുക്കും ചുണ്ണാമ്പും ആണെന്നതടക്കമുള്ള പരാമർശം നടത്തിയത്. സംഭവത്തിൽ തിരുവല്ല കോടതിയുടെ നിർദേശപ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രസംഗത്തിന്റെ വീഡിയോയിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്നതടക്കം പരിശോധനയും നടത്തിയിരുന്നു.

സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ പകരം മന്ത്രിയെ നിയമിക്കാതെ മന്ത്രിസഭയിലെ നിലവിലുള്ള മന്ത്രിമാർക്ക് വിഭജിച്ച് നൽകുകയാണ് ചെയ്തത്. കൂടാതെ അദ്ദേഹത്തിന് എംഎൽഎ സ്ഥാനത്ത് തുടരാം എന്ന നിലപാടാണ് സിപിഎമ്മും സ്വീകരിച്ചത്. അത് കൊണ്ട് തന്നെ കേസ് പിൻവലിക്കാനുള്ള നടപടികൾ പൂർത്തിയാക്കി സജി ചെറിയാൻ തിരികെ മന്ത്രിക്കസേരയിലെത്തുമെന്ന സാഹചര്യത്തിലേയ്ക്ക് അടുക്കുമ്പോഴാണ് പുതിയ ഹർജി ഹൈക്കോടതിയിൽ ലഭിച്ചത്.