rudy

ഹൂസ്റ്റൺ : വടക്കേ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ആൺ ഒറാങ്ങ്ഉട്ടാനായ ' റൂഡി വാലന്റീനോ " ഇനി ഓർമ്മ. ചൊവ്വാഴ്ച യു.എസിലെ ഹൂസ്റ്റൺ മൃഗശാലയിലായിരുന്നു റൂഡിയുടെ അന്ത്യം. ഈ മാസം ആദ്യമാണ് റൂഡി 45ാം പിറന്നാൾ ആഘോഷിച്ചത്.

പ്രായാധിക്യം മൂലമുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾ റൂഡി നേരിട്ടിരുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് റൂഡിക്ക് മരുന്ന് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ റൂഡിക്ക് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. മൃഗശാല അടയ്ക്കുന്ന സമയത്താണ് റൂഡിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. റൂഡി ഉറങ്ങുകയായിരിക്കാമെന്നാണ് ജീവനക്കാർ ആദ്യം കരുതിയത്.

1977 ഡിസംബർ 8ന് ടെക്സസിലെ ബ്രൗൺസ്‌വില്ലിലുള്ള ഗ്ലാഡിസ് പോർട്ടർ മൃഗശാലയിലായിരുന്നു റൂഡിയുടെ ജനനം. തൊട്ടടുത്ത വർഷം റൂഡിയെ ഹൂസ്റ്റണിലെത്തിച്ചു. പിന്നീട് ഹൂസ്റ്റൺ മൃഗശാലയുടെ മുഖ്യാകർഷണമായി മാറി റൂഡി. എല്ലാവരുമായി വളരെ അടുപ്പം സൂക്ഷിച്ച റൂഡി വളരെ ബുദ്ധിശാലിയായിരുന്നെന്ന് മൃഗശാല അധികൃതർ ഓർക്കുന്നു.

റൂഡിക്ക് പുറമേ കെല്ലി ( 48 ), ഷയാൻ ( 50 ) എന്നീ പെൺ ഒറാങ്ങ്ഉട്ടാനുകൾ അടക്കം ആകെ നാല് ഒറാങ്ങ്ഉട്ടാനുകൾ നിലവിൽ ഹൂസ്റ്റണിലുണ്ട്. കാട്ടിൽ 30 മുതൽ 40 വയസ് വരെയാണ് വംശനാശ ഭീഷണി നേരിടുന്ന ഒറാങ്ങ്ഉട്ടാന്റെ ശരാശരി ആയുസ്.