truck

കൽപ്പറ്റ: കഴിഞ്ഞ രണ്ട് മാസമായി താമരശേരി ചുരത്തിന് ചുവട്ടിൽ തടഞ്ഞിട്ടിരുന്ന രണ്ട് കൂറ്റൻ ട്രെയിലറുകൾ ഒടുവിൽ ചുരം കയറി. അടിവാരത്ത് നിർത്തിയിട്ടിരുന്ന നെസ്‌ലെയ്‌ക്ക് വേണ്ടി ഇൻഡസ്‌ട്രിയൽ ഫിൽട്ടർ ഇന്റർ ചേംബർ കയറ്റിയ ട്രെയിലറുകളാണ് രാത്രി 11 മണി മുതൽ ചുരം കയറി പുലർച്ചെ 2.10ഓടെ ലക്കിടിയിലെത്തിയത്.

ട്രെയിലറുകൾ ചുരം കയറുന്നതോടെ ഗതാഗതം താറുമാറാകുമെന്ന ആശങ്ക കാരണമാണ് രണ്ട് മാസം മുൻപ് ഇവ തട‍ഞ്ഞത്. രാത്രി 11 മണിയോടെ അടിവാരത്ത് നിന്നും ട്രെയിലർ ലോറികൾ യാത്ര ആരംഭിച്ചു. താമരശേരി ഡിവൈ.എസ്‌.പി ടി.കെ അഷ്‌റഫിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ലോറികളെ അനുഗമിച്ചിരുന്നു. തഹസിൽദാർ സി.സുബൈർ,​ ഫോറസ്‌റ്റ് റെയ്ഞ്ചർ രാജീവ് കുമാർ എന്നിവരും ചുരത്തിലെത്തിയിരുന്നു. അഗ്നിരക്ഷാ സേന,​ വനംവകുപ്പ്,​ കെഎസ്‌ഇബി ഉദ്യോഗസ്ഥർ എന്നിവരും ട്രെയിലറുകളുടെ യാത്രയെ തുടർന്ന് സേവനങ്ങൾക്കായി സ്ഥലത്തുണ്ടായിരുന്നു.

വലിയ യന്ത്രങ്ങൾ കയറ്റിയ ട്രെയ്‌ലർ ഒന്നാം വളവിൽ രണ്ടിടത്ത് നിന്നുപോയി. എന്നാൽ തുടർന്നും യാത്ര ആരംഭിച്ച് നാലാം വളവ് 12.20ന് പിന്നിട്ട് ഒടുവിൽ 2.10ന് ലക്കിടിയെത്തി. ട്രെയിലർ കടന്നുപോകുന്നത് കാണാൻ നാട്ടുകാരുടെ വൻ തിരക്കുമുണ്ടായി.

ട്രെയിലറുകളുടെ യാത്ര പ്രമാണിച്ച് വ്യാഴാഴ്‌ച രാത്രി 8 മണി മുതൽ ജില്ലയിൽ നിന്നും താമരശേരി ചുരം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ബദൽ മാർഗവും ക്രമീകരിച്ചിരുന്നു. എ.ഡി.എം എൻ.ഐ ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്.