ഡി. സന്തോഷ്

മഞ്ഞു പൂക്കും ഡിസംബറിൻ ചില്ലയിൽ
മിന്നി നിൽക്കുന്ന നക്ഷത്രദീപമേ
ചേർത്തടച്ചൊരീ വാതിലിന്നപ്പുറം
പാതിരയ്ക്കാര് വന്നു നിൽക്കുന്നു ?
ദൂരമേറെയലഞ്ഞും വലഞ്ഞും
കാലുകൾ വിണ്ടു രക്തം പൊടിഞ്ഞും
അന്യദേശത്തു നിന്നഭയാർത്ഥിയായ്
തെല്ലിടം തല ,ചായ്ക്കുവാൻ യാചിച്ച്
കൂരിരുട്ടിൽ; ഒരാൾ നിന്നിടുന്നുവോ?
കൂടെ, യൊരു കുഞ്ഞു ജീവന്നു ജന്മം
നൽകുവാൻ നോവടുത്തവളുണ്ടോ?
ഇല്ല , യീരാവിൽ ഞാനടയ്ക്കില്ല
പാപമുദ്രിതമാകുമെൻ വാതിൽ.
ആരുമാകട്ടെ, എങ്ങുനിന്നാകട്ടെ
അന്യരല്ലവർ , കൂടപ്പിറപ്പുകൾ .
മണ്ണിലെല്ലാ മനുഷ്യരും സോദരർ
സങ്കടങ്ങൾ പകുത്തെടുക്കേണ്ടവർ
ഏതു രാവിലും കൂട്ടിരിക്കേണ്ടവർ!
വിണ്ണിൽ നിന്നുള്ള സംഗീതധാരകൾ
നൂറു നൂറു വർണ്ണങ്ങൾ, വിളക്കുകൾ
നന്മ പെയ്യുന്നു, മഞ്ഞല്ല മഴയല്ല
സന്മനസ്സിൻ സമാധാന വീഥിയിൽ!
അകലെ, അത്യുന്നതങ്ങളിൽ വാനിൻ
തൊട്ടിലിൽ നിന്നൊരൊറ്റ നക്ഷത്രം
പുഞ്ചിരിക്കുന്നു താഴേക്കു നോക്കി !
കുഞ്ഞുമാലാഖമാരതിൻ നെറ്റിയിൽ
മുത്തമേകുവാൻ മത്സരിക്കുന്നു.
ഭൂമിയിൽ
പൊന്നൊലീവിലക്കൈകളിൽ
സ്നേഹമേ നീ തുളുമ്പി നിൽക്കുന്നു.
(ഫോൺ: 9447703839