അവതാർ സിനിമയുടെ രണ്ടാം ഭാഗവുമായി ജെയിംസ് കാമറുൺ വീണ്ടും വിസ്മയിപ്പിക്കുന്നു

ലോകസിനിമയിലെ വമ്പൻ അവതാരമാണ് കനേഡിയൻ സംവിധായകനായ ജെയിംസ് കാമറുൺ. തിരക്കഥാകൃത്ത്, എഡിറ്റർ, നിർമ്മാതാവ്,ഡോക്യുമെന്ററി സംവിധായകൻ, ഫോട്ടോഗ്രാഫർ, സാങ്കേതിക വിദഗ്ദ്ധൻ...സിനിമയുടെ സർവമേഖലകളിലും കൈയൊപ്പ് ചാർത്തിയ പ്രതിഭ. പ്രണയവും, ചരിത്രവും, കോമഡിയും ആക്ഷനും സയൻസ് ഫിക്ഷനും ഒരുപോലെ വഴങ്ങുന്ന സംവിധായകൻ.
കലയും കച്ചവടവും സമന്വയിപ്പിച്ച് ബോക്സോഫീസിൽ കോടികൾ വാരുന്ന ബ്രഹ്മാണ്ഡ സിനിമകളുടെ സ്രഷ്ടാവ്. ഓസ്കാർ ജേതാവ്. നാഷണൽ ജ്യോഗ്രഫിക്കിന്റെ സമുദ്ര പര്യവേക്ഷകൻ. ടെലിവിഷൻ അവതാരകൻ. പരിസ്ഥിതി സ്നേഹി.
സിനിമയുടെ ആധികാരികതയ്ക്ക് ഏതറ്റം വരെയും പോകും. ടൈറ്റാനിക് സിനിമയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി പന്ത്രണ്ട് തവണ അറ്റ്ലാന്റിക് സമുദ്രത്തിൽ ഡൈവിംഗ് പര്യവേക്ഷണം. ഭൂമിയിലെ ഏറ്റവും ആഴമുള്ള ( 36,000 അടി, 11,000 മീറ്റർ ) സമുദ്രഗർത്തമായ പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിൽ ഡീപ് സീ ചലഞ്ചർ എന്ന മിനി അന്തർവാഹിനിയിൽ ഒറ്റയ്ക്ക് പോയ സാഹസികൻ.
അറുപത്തിയെട്ടാം വയസിലും ഉറവ വറ്റാത്ത സർഗപ്രതിഭ. കുട്ടിക്കാലം മുതൽ വായിച്ചു കൂട്ടിയ സയൻസ് ഫിക്ഷനുകളിൽ നിന്നെല്ലാം പ്രചോദനം കൊണ്ട് സൃഷ്ടിച്ച അവതാർ സിനിമയുടെ രണ്ടാം ഭാഗവുമായി ജെയിംസ് കാമറുൺ ലോക സിനിമയെ വീണ്ടും വിസ്മയിപ്പിക്കുന്നു.
സയൻസ് ഫിക്ഷനാണ് കാമറുണിന്റെ ഇഷ്ടമേഖല. ഭാവനയും ശാസ്ത്രവും വിഷ്വൽ എഫക്ടും മായികമായ ഫോട്ടോഗ്രാഫിയും സംഗീതവും സമന്വയിപ്പിക്കുന്ന സിനിമകൾ പ്രേക്ഷകരെ ശാസ്ത്രത്തിന്റെ ഭാവനാലോകത്ത് അഴിച്ചുവിടും. മനുഷ്യ രാശി ഭാവിയിൽ എങ്ങോട്ട് പോകുന്നു എന്ന കലാപരമായ അന്വേഷണമാണ്
ആ സിനിമകൾ. ദ ടെർമിനേറ്റർ, ഏലിയൻസ്, ദ അബിസ്, അവതാർ ഒന്നും രണ്ടും എന്നിവ ശാസ്ത്ര ഭാവനയിലെ എക്കാലത്തെയും എണ്ണം പറഞ്ഞ സിനിമകളാണ്.
സ്റ്റോറി ഒഫ് സയൻസ് ഫിക്ഷൻ എന്ന കാമറുണിന്റെ ടെലിവിഷൻ പരമ്പരയും പ്രശസ്തമാണ്. ഇത്തരം സിനിമകളുടെ ഉസ്താദുമാരായ സ്റ്റീവൻ സ്പീൽബർഗ്, റിഡ്ലി സ്കോട്ട്, ജോർജ് ലൂക്കാസ്, സിഗൂർണി വീവർ (ഏലിയൻ, അവതാർ സിനിമകളിലെ നടി ) തുടങ്ങിയവരുമായുള്ള കാമറുണിന്റെ ഇന്റർവ്യൂകൾ സയൻസ് ഫിക്ഷൻ സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയുമുള്ള സഞ്ചാരമാണ്.
ഷോർട്ട് ഫിലിമിലൂടെ
തുടക്കം
1978ൽ സീനോജനിസിസ് എന്ന സയൻസ് ഫിക്ഷൻ ഷോർട്ട് ഫിലിമിലൂടെയാണ് കാമറുണിന്റെ തുടക്കം. 1982ൽ പിരാന 2 ആദ്യ ഫീച്ചർ സിനിമ.1984ൽ ദ ടെർമിനേറ്റർ പരമ്പരയിലെ ആദ്യ സിനിമ കാമറുണിന്റെ അവതാരമായി. ശരീരത്തിനുള്ളിൽ ഘടിപ്പിച്ച കമ്പ്യൂട്ടറും യാന്ത്രിക അവയവങ്ങളും അമാനുഷിക കഴിവുകൾ നൽകുന്ന ഒരു സൈബോർഗ് കൊലയാളി കാലത്തിലൂടെ പിന്നോട്ട് സഞ്ചരിച്ച് (2029ൽ നിന്ന് 1984ലേക്ക്) ദൗത്യം നിറവേറ്റുന്നതാണ് പ്രമേയം. സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമ.
റോമിൽ പിരാനയുടെ റിലീസിനിടെ പനിപിടിച്ചു കിടന്നപ്പോൾ കണ്ട ഒരു സ്വപ്നത്തിൽ നിന്നാണ് ടെർമിനേറ്ററിന്റെ പിറവി. പിന്നെ ഏലിയൻസ് ( 1986 ), ടെർമിനേറ്റർ - 2 (1991 ), ട്രൂ ലൈസ് ( 1994 ).
പ്രണയത്തിന്റെ
കടലാഴങ്ങൾ
1997ൽ ടൈറ്റാനിക് എന്ന അതിമനോഹരമായ സിനിമയുമായി കാമറുൺ പ്രേക്ഷക ഹൃദയം ഉരുക്കി. കന്നിയാത്രയിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിനെ ഒരു പ്രണയ ദുരന്തത്തിന്റെ കണ്ണീർക്കടലിൽ കൂടി മുക്കിയ ചലച്ചിത്ര കാവ്യമാണ് ആ സിനിമ. മികച്ച സിനിമയ്ക്കും സംവിധായകനും ഉൾപ്പെടെ എട്ട് ഓസ്കാർ അവാർഡുകൾ വാരിക്കൂട്ടി.
ടൈറ്റാനിക്കിന്റെ ഇരുപത്തിയഞ്ചാം വർഷം ആഘോഷിക്കാൻ ഫെബ്രുവരിയിൽ പ്രണയിനികളുടെ വാലന്റൈൻസ് ദിനത്തിൽ ഫോർ കെ പതിപ്പായി വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുകയാണ് കാമറുൺ.
ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ 12,000 അടി (3700 മീറ്റർ ) ആഴത്തിൽ ദ്രവിച്ചു കിടന്ന ടൈറ്റാനിക്ക് അദ്ദേഹം മൂവികാമറയിൽ പകർത്തി. ആ ദൃശ്യങ്ങൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ പര്യവേക്ഷണങ്ങൾക്ക് ശേഷമാണ് ടൈറ്റാനിക്കിന്റെ തിരക്കഥ എഴുതിയത്. 1,500ലേറെ പേർ മരിച്ച ദുരന്തത്തിന്റെ സ്മാരകമായ ടൈറ്റാനിക്കിലേക്കുള്ള യാത്രകൾ കാമറുണിനെ വൈകാരികമായി ഉലച്ചിരുന്നു.
വിശദാംശങ്ങൾക്കും വസ്തുതകൾക്കും ആധികാരികത നിർബന്ധമാണ്. ടൈറ്റാനിക്കിലെ നായകൻ ജാക്കും നായിക റോസും കടലിൽ ഒരു പലകയിൽ പിടിച്ചു കിടക്കുന്ന രംഗത്ത് ആകാശത്തിലെ നക്ഷത്ര സമൂഹങ്ങൾ കൃത്യമല്ലെന്ന് മനസിലാക്കിയ അദ്ദേഹം 2012ൽ ആ ദൃശ്യങ്ങൾ മാറ്റി സിനിമ വീണ്ടും റിലീസ് ചെയ്തു.
റോസ് കിടന്ന പലകയിൽ ഒരാൾക്കു കൂടി സ്ഥലമുണ്ടായിട്ടും ജാക്കിനെ മരണത്തിന് വിട്ടു കൊടുത്തെന്ന പ്രേക്ഷക ദുഃഖം സിനിമ റിലീസ് ചെയ്തപ്പോൾ തന്നെ ഉയർന്നിരുന്നു. 25 വർഷത്തിന് ശേഷം കാമറുൺ ഫോറൻസിക് പരീക്ഷണത്തിലൂടെ സിനിമയുടെ ക്ലൈമാക്സിന് ന്യായീകരണം കണ്ടെത്തി. ജാക്കിന്റെയും റോസിന്റെയും ശരീരഭാരത്തിന് തുല്യ ഭാരമുള്ള രണ്ട് സ്റ്റണ്ട് മാസ്റ്റർമാരെ ശരീരത്തിൽ സെൻസറുകൾ ഘടിപ്പിച്ച്, അറ്റ്ലാന്റിക് സമുദ്രത്തിന്റെ കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ചായിരുന്നു പരീക്ഷണം. പലകയിൽ റോസിന് മാത്രമേ സ്ഥലം ഉണ്ടായിരുന്നുള്ളൂ.
ജാക്ക് കൂടി കയറിയാൽ രണ്ട് പേരും മുങ്ങും. സിനിമ മരണത്തിന്റെയും വേർപാടിന്റെയും കഥയാണ്. ജാക്ക് മരിച്ചേ മതിയാവൂ. അതൊരു കലാപരമായ തീരുമാനം കൂടിയായിരുന്നു.
അവതാർ
കാമറുണിന്റെ ഇതിഹാസ മാനമുള്ള സിനിമയാണ് 2009ൽ ഇറങ്ങിയ അവതാർ. ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് കഥ നടക്കുന്നത്. ആൽഫ സെന്റോറി നക്ഷത്രസമൂഹത്തിൽ ഹരിത സമൃദ്ധമായ പണ്ടോര എന്ന ഉപഗ്രഹത്തിൽ യൂണോബ്ടേണിയം എന്ന അമൂല്യധാതു ഖനനം ചെയ്യാൻ മനുഷ്യൻ കുടിയേറുന്നു. ആ അധിനിവേശം മനുഷ്യ സാമ്യമുള്ള ( ഹ്യൂമനോയിഡ് ) നാവി എന്ന തദ്ദേശ ഗോത്രസമൂഹത്തിന് ഭീഷണിയാവുന്നതും അവരുടെ അതിജീവനത്തിന്റെ പോരാട്ടവുമാണ് സിനിമ. നാവി ഗോത്രത്തിന് വേണ്ടി ആയിരം വാക്കുകളുള്ള ഒരു ഭാഷ തന്നെ സൃഷ്ടിച്ചു.അവതാറിന് നാല് ഭാഗങ്ങളുണ്ടാവും. അതിൽ രണ്ടാമത്തേതാണ് ഇപ്പോൾ തിയറ്ററുകളിൽ എത്തിയ അവതാർ -ദ വേ ഒഫ് വാട്ടർ. നാലാം ഭാഗം 2028ൽ റിലീസാവും.അവതാറും ടൈറ്റാനിക്കും എക്കാലത്തെയും കളക്ഷൻ റെക്കാഡുകൾ ഭേദിച്ച ചിത്രങ്ങളാണ്. അവതാർ 291 കോടി ഡോളറും ടൈറ്റാനിക് 219 കോടി ഡോളറുമാണ് നേടിയത്
നാഷണൽ ജ്യോഗ്രഫിക്കു വേണ്ടി ഗോസ്റ്റ്സ് ഒഫ് ദി അബിസ്, ഏലിയൻസ് ഒഫ് ദ ഡീപ് തുടങ്ങി നിരവധി പ്രശസ്തമായ സയൻസ് ഫിക്ഷൻ ഡോക്യുമെന്ററികളും കാമറുൺ സംവിധാനം ചെയ്തിട്ടുണ്ട്.
ജനനം 1954 ആഗസ്റ്റ് 16
അഞ്ച് തവണ വിവാഹിതനായി
ഇപ്പോഴത്തെ ഭാര്യ സൂസി അമിസ്
മൂന്നാം ഭാര്യ സംവിധായിക കാതറിൻ ബിഗലോവ്
കാതറിന്റെ ഹർട്ട് ലോക്കർ കാമറുണിന്റെ അവതാറിനെ പിന്തള്ളി മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയിരുന്നു
(ലേഖകന്റെ ഫോൺ:
9946108245)