thanga-angy

പത്തനംതിട്ട: മണ്ഡലപൂജയ്‌ക്ക് ശബരീശവിഗ്രഹത്തിൽ ചാർത്താനുള‌ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള‌ള ഘോഷയാത്ര ആറന്മുളയിൽ ആരംഭിച്ചു. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന തങ്ക അങ്കി പ്രത്യേകം ഒരുക്കിയ അലങ്കരിച്ച വാഹനത്തിൽ കയറ്റിയാണ് ശബരിമലയിലേക്ക് പുറപ്പെട്ടത്.

ഭക്തജനങ്ങളുടെ വലിയ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപൻ, ദേവസ്വം അംഗങ്ങൾ, മുൻ പ്രസിഡന്റ് എ.പത്മകുമാർ, ദേവസ്വം കമ്മീഷണർ ബി.എസ് പ്രകാശ് എന്നിവരടക്കം ചുമതലപ്പെട്ടവർ പങ്കെടുത്തു.

ആകെ 65 ഇടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 120 കിലോമീ‌റ്ററാണ് സന്നിധാനം വരെ തങ്ക അങ്കി ഘോഷയാത്ര സഞ്ചരിക്കുക.ഇന്ന് 25 ഇടങ്ങളിലാണ് സ്വീകരണം. വൈകിട്ടോടെ നെടുംപ്രയാർ തേവലശേരി ക്ഷേത്രത്തിൽ വിശ്രമം. നാളെ യാത്ര പുറപ്പെട്ട് വൈകിട്ടോടെ ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലാണ് വിശ്രമം. മൂന്നാം ദിനം കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും അവസാനദിനം പെരുനാട് ക്ഷേത്രത്തിലുമാണ് വിശ്രമം. നാലാംദിനം മണ്ഡലപൂ‌ജയുടെയന്നാണ് സന്നിധാനത്തെത്തുക. ശബരിമല തന്ത്രി കണ്‌ഠരര് രാജീവരരും മേൽശാന്തി ജയരാമൻ നമ്പൂതിരിയ്‌ക്ക് പുലയായതിനാൽ അദ്ദേഹത്തിന്റെ പ്രതിപുരുഷനായി തിരുവല്ല കാവുംഭാഗം സ്വദേശി നാരായണൻ നമ്പൂതിരിയും ചേർന്നാണ് തങ്ക അങ്കി സ്വീകരിക്കുക. 27ന് ഉച്ചയോടെയാണ് മണ്ഡലപൂജ. സന്ധ്യയോടെ തങ്ക അങ്കി ചാർത്തിയാണ് തീർത്ഥാടനം തുടങ്ങി 41ാം നാളിലെ വിശേഷപ്പെട്ട ദീപാരാധന നടക്കുക.