
മുംബയ്: ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ വളരെ മോശം പ്രകടനത്തെ തുടർന്ന് ബിസിസിഐ ടീം ഇന്ത്യയുടെ സെലക്ഷൻ പാനലിനെ പിരിച്ചുവിട്ടിരുന്നു. പകരമായി ആളുകളെ തൽസ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്‌തിരുന്നു. പല പ്രമുഖ പേരുകളും സെലക്ഷൻ പാനൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്.
ഇതിനിടെ ബിസിസിഐയ്‌ക്ക് തലവേദനയായി നിരവധി വ്യാജ അപേക്ഷകൾ എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സാക്ഷാൽ സച്ചിൻ ടെൻഡുൾക്കറുടെയും മുൻ ഇന്ത്യൻ നായകൻ ധോണിയുടെയും വിരേന്ദർ സേവാഗ്, എന്തിന് പറയുന്നു പാകിസ്ഥാൻ മുൻ നായകൻ ഇൻസമാം ഉൾ ഹക്കിന്റെ വരെ പേരിൽ അപേക്ഷ ലഭിച്ചിട്ടുണ്ട്.
ടി20 ലോകകപ്പിലെ പരാജയത്തെ തുടർന്നാണ് ചേതൻ ശർമ്മയുടെ നേതൃത്വത്തിലെ സെലക്ഷൻ പാനലിനെ ബിസിസിഐ അദ്ധ്യക്ഷൻ റോജർ ബിന്നിയുടെ നേതൃത്വത്തിൽ സ്ഥാനത്ത് നിന്നും പുറത്താക്കിയത്. ശേഷം അഞ്ചംഗ പാനലിലേക്കായി അപേക്ഷയും ക്ഷണിച്ചു. ക്രിക്കറ്റ് ഉപദേശക കമ്മിറ്റി എന്ന മൂന്നംഗ കമ്മിറ്റിക്കാണ് പാനലിനെ തിരഞ്ഞെടുക്കാൻ ചുമതല. പുറത്താക്കപ്പെട്ട പാനലിലെ ചേതൻ ശർമ്മയും ഹർവീന്ദർ സിംഗും വീണ്ടും അപേക്ഷിച്ചിട്ടുണ്ട്.