
തിരുവനന്തപുരം: കോവളത്തെത്തിയ വിദേശ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തി ഓട്ടോ ടാക്സി ഡ്രൈവർമാർ. ജർമ്മൻ സ്വദേശി ബെർണാർഡ് സ്റ്റെഫാനാണ് ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവമുണ്ടായത്. രണ്ടാഴ്ച മുമ്പാണ് സ്റ്റെഫാനെ സുഹൃത്തും ടെക്നോപാർക്ക് മുൻ സി.ഇ.ഒയുമായ ഗിരീഷ് ബാബു സ്വന്തം കാറിൽ കോവളത്ത് താമസത്തിനെത്തിച്ചത്. അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയപ്പോഴായിരുന്നു ദുരനുഭവം.
ഗിരീഷ് ബാബു പറയുന്നത്: ബുധനാഴ്ച വൈകിട്ട് 4.50ന് ആയിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തന്റെ സ്വന്തം കാറിലാണ് സ്റ്റെഫാനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയത്. ബീച്ചിന് സമീപത്തെ റോഡിൽ കാർ നിറുത്തിയ ശേഷം സ്റ്റെഫാൻെറ ബാഗുകൾ കാറിൽ കയറ്റുന്നതിനിടെ,ഡ്രൈവറുടെ യൂണിഫോം ധരിക്കാത്ത ഒരാൾ അദ്ദേഹത്തെ തടഞ്ഞു. സ്വകാര്യ കാറിൽ ടൂറിസ്റ്റിനെ കയറ്റാൻ പറ്റില്ലെന്നായിരുന്നു വാദം. പിന്നാലെ, കാറിന്റെ തുറന്നു കിടന്ന ഡിക്കിയിൽ അയാൾ ഇരിപ്പുറപ്പിച്ചു. ടൂറിസ്റ്റുകളെ നിങ്ങളുടെ വണ്ടിയിൽ കൊണ്ടു പോകാനാകില്ലെന്നും, പരാതിയുള്ളവർ പൊലീസിനോട് പറയൂ എന്നും ആക്രോശിച്ചു.
ഇതിനിടെ,സ്ഥലത്തെ ഓട്ടോ,ടാക്സി ഡ്രൈവർമാരും അയാളെ പിന്തുണച്ച് ഭീഷണിയുമായി രംഗത്തെത്തി. താൻ തിരിച്ചറിയൽ കാർഡ് കാണിച്ചപ്പോൾ മാത്രമാണ് അവർ പിന്മാറിയതും, സ്റ്റെഫാനെ രക്ഷിക്കാനായതും. സംഭവത്തെ കുറിച്ച് വിജിലൻസ് മേധാവിയും സുഹൃത്തുമായ മനോജ് എബ്രഹാമിനെ വാട്സ് ആപ്പിലൂടെ അറിയിച്ചിരുന്നു. സംഭവം സിറ്റി പൊലീസ് കമ്മിഷണറെ അറിയിക്കാമെന്ന് മനോജ് എബ്രഹാം മറുപടി നൽകി. ഒരു പൊലീസുകാരൻ പോലും അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല.
കോവളത്ത് ഇപ്പോൾ വിദേശ ടൂറിസ്റ്റുകൾ കുറവാണ് .പലരും എറണാകുളത്തെ ചെറായിബീച്ചിലേക്കാണ് പോകുന്നത്.1974ലാണ് സ്റ്റെഫാൻ ആദ്യമായി കേരളത്തിലെത്തിയത്. 1985 മുതൽ കോവളത്ത് സ്ഥിരമായി എത്താറുണ്ട്. അന്നു മുതൽ താനാണ് അദ്ദേഹത്തെ കോവളത്ത് കൊണ്ടുപോകുന്നതും തിരികെ വിളിച്ചുകൊണ്ടു പോകുന്നതും താനാണെന്ന് ഗിരീഷ് പറഞ്ഞു.
'ഇനി കോവളത്തേക്കില്ല. ഇങ്ങനെയൊരു മോശം അനുഭവം ആദ്യമാണ്. ഈ ദുരനുഭവത്തെ കുറിച്ച് സുഹൃത്തുക്കളോട് പറയും'
ബെർണാർഡ്സ്റ്റെഫാൻ