
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മിന്നൽ സന്ദർശനത്തിനെത്തിയ ആരോഗ്യ മന്ത്രി വീണാജോർജിനു മുന്നിൽ പരാതിയുമായി രോഗികളും കൂട്ടിരിപ്പുകാരും. ഡോക്ടർമാർ കുറിച്ചു നൽകുന്ന ചില മരുന്നുകൾ ഫാർമസിയിൽ നിന്ന് ലഭിക്കുന്നില്ല, ജീവനക്കാരുടെ മോശം പെരുമാറ്റം എന്നിവയായിരുന്നു പരാതിയിൽ അധികവും. മരുന്നുകൾ എഴുതി നൽകിയ ചീട്ടുകളുടെ ചിത്രം മന്ത്രി മൊബൈൽ ഫോണിൽ പകർത്തി. സർക്കാർ നിർദ്ദേശിച്ച മരുന്നുകളാണോ ഡോക്ടർമാർ കുറിച്ചു നൽകുന്നതെന്ന് പരിശോധിക്കാമെന്നും മറ്റു കാര്യങ്ങളിൽ അടിയന്തിര നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
ഔദ്യോഗിക വാഹനം ഒഴിവാക്കി ഇന്നലെ രാവിലെ 9നാണ് എച്ച്. സലാം എം.എൽ.എ ഓടിച്ച സ്വകാര്യ വാഹനത്തിൽ മന്ത്രി എത്തിയത്. കാർഡിയോളജി ഒ.പിയിലായിരുന്നു ആദ്യ സന്ദർശനം. തുടർന്ന് സർജറി, പീഡിയാട്രിക്, ഓർത്തോ വിഭാഗം ഒ.പികളും ലേബർ റൂം, ഗൈനക്കോളജി ഒ.പികളും വാർഡുകളും സന്ദർശിച്ചു. മന്ത്രിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആശുപത്രി ജീവനക്കാരും നഴ്സുമാരും സമീപമെത്തിയെങ്കിലും അവരോട് ജോലിയിൽ തുടരാൻ മന്ത്രി നിർദ്ദേശിച്ചു.
ആശുപത്രിയിലും പരിസരത്തും പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കണമെന്നും എയ്ഡ് പോസ്റ്റിലേക്ക് ആവശ്യമായ പൊലീസുകാരെ ലഭ്യമാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകാമെന്നും മന്ത്രി അറിയിച്ചു. ഡ്യൂട്ടിക്ക് എത്തിയ ഡോക്ടർമാരുടെയും ഡ്യൂട്ടി ഉണ്ടായിട്ട് എത്താതിരുന്നവരുടെയും വിവരങ്ങൾ രേഖാമൂലം ലഭ്യമാക്കാൻ മന്ത്രി ആശുപത്രി സൂപ്രണ്ടിനോട് നിർദ്ദേശിച്ചു. രോഗികൾക്കും ഒപ്പമെത്തുന്നവർക്കുമായി അത്യാഹിത വിഭാഗത്തിലുൾപ്പടെ എം.എൽ.എയുടെ നിർദ്ദേശാനുസരണം വരുത്തിയ നൂതന മാറ്റങ്ങളിൽ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. രാവിലെ 9നാണ് മന്ത്രി എത്തിയത്. തുടർന്ന് 9.45 ഓടെ ഔദ്യോഗിക വാഹനം ആശുപത്രിയിൽ എത്തിച്ച് മടങ്ങി. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുൾ സലാം ഒപ്പമുണ്ടായിരുന്നു.