
ആലപ്പുഴ: സി പി എം ബ്രാഞ്ച് സെക്രട്ടറിയെ സി ഐ ടി യു പ്രവർത്തകൻ മർദിച്ചതായി പരാതി. സി പി എം ആലപ്പുഴ മുല്ലയ്ക്കൽ ഡി ബ്രാഞ്ച് സെക്രട്ടറിയും, മുല്ലയ്ക്കൽ നന്മ റസിഡന്റ്സ് അസോസിയേഷൻ ഖജാൻജിയുമായ സോണി ജോസഫിനെയാണ് (37) ഹോംസ്‌റ്റേ നടത്തിപ്പുകാരനായ സി ഐ ടി യു പ്രവർത്തകനും സഹായിയും മർദിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. വാഹനത്തിൽ പോകുകയായിരുന്ന സോണിയെ തടഞ്ഞുനിർത്തി മർദിച്ചെന്നാണ് പരാതി. നെഞ്ചിനും നടുവിനും പരിക്കേറ്റ യുവാവ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കേസിൽ തിരുമല മുൻ ബ്രാഞ്ച് സെക്രട്ടറി സുധീറിനെയും സഹായിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയുടെ ഹോംസ്റ്റേയിലെ അനാശാസ്യം ചോദ്യംചെയ്തതാണ് മർദനത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. ഈ ഹോംസ്റ്റേയിൽ മുമ്പും അനാശാസ്യം നടന്നതായി ആരോപണമുയർന്നിരുന്നു. അതേസമയം, സുധീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.