muhammed-shabeer-

ഉദിനൂർ (കാസർകോട്): താൻ ഒരു തീവ്രവാദ സംഘടനയിലേക്കും പോയിട്ടില്ലെന്ന് ഉദിനൂരിലെ മുഹമ്മദ് ശബീർ ( 40) ബന്ധുക്കൾക്ക് അയച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ശബീറിന്റെയും കുടുംബത്തിന്റെയും തിരോധാനവുമായി ബന്ധപ്പെട്ട് ഭാര്യാസഹോദരന്റെ പരാതിയിൽ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻ.ഐ.എ അന്വേഷണത്തിന് എത്തിയതോടെയാണ് കുടുംബം ഐസിസിൽ ചേർന്നതായി പ്രചാരണം ശക്തമായത്. ഈ
പശ്ചാത്തലത്തിലാണ് ശബീറിന്റെ വിശദീകരണം.

നാല് മാസം മുമ്പാണ് ശബീറും ഭാര്യയും നാല് ആൺമക്കളുമടങ്ങുന്ന കുടുംബം മതപഠനത്തിനായി യെമനിലേക്ക് പോയത്. ഇന്ത്യ യാത്രാവിലക്ക് കൽപിച്ചിട്ടുള്ള യെമനിലേക്ക് സൗദി അറേബ്യ വഴിയാണ് പോയത്. യെമനിലെ ദാറുൽ മുസ്ത്വഫ എന്ന പ്രശസ്തമായ മതപഠന കേന്ദ്രത്തിലാണ് താനെന്നും അവിടത്തെ മതപണ്ഡിതൻ ഹബീബ് ഉമറിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായാണ് എത്തിയതെന്നും പെട്ടെന്ന് മടങ്ങുമെന്നുമാണ് ശബീർ പറയുന്നത്. 10 വർഷമായി ദുബായിലാണ് ശബീറും ഭാര്യയും മൂന്ന്, അഞ്ച്, ആറ്, ഒമ്പത് വയസുള്ള ആൺമക്കളും. ബിസിനസ് ഇംപ്രൂവ്‌മെന്റ് ആൻഡ് മാനേജിംഗ് കൺസൾട്ടിംഗ് സ്ഥാപനത്തിന്റെ ദുബായ് റീജിയണൽ മാനേജരും പരിശീലകനുമാണ് ശബീർ. ദോഹ, ദുബായ്, കുവൈറ്റ്, ബെംഗ്ലൂരു, കൊച്ചി എന്നിവിടങ്ങളിൽ കമ്പനിക്ക് സ്ഥാപനങ്ങളുണ്ട്. ശബീറിന്റെ ഭാര്യയും ദുബായിൽ ജോലിക്കാരിയാണ്.

ജൂണിൽ ഒരാഴ്ചത്തെ അവധിക്ക് നാട്ടിൽ വന്നിരുന്നു. നാല് മാസമായി അടുത്ത ബന്ധുക്കളുമായി മാത്രമാണ് ആശയ വിനിമയം. എൻ.ഐ.എ വന്നതോടെ നിരവധി പേർ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അതുകൊണ്ടാണ് വീഡിയോ അയക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

കഴിഞ്ഞദിവസം പടന്നയിലെത്തിയ എൻ.ഐ.എ ഉദ്യോഗസ്ഥർ വീട്ടുകാരുമായി സംസാരിച്ചു. ആശങ്കയ്ക്ക് വഴിയില്ലെന്നാണ് അവരുടെ വിലയിരുത്തൽ. അതേസമയം, ഒമാനിലും സൗദിയിലും ജോലിയുള്ള, പടന്ന പഞ്ചായത്തിലെ രണ്ട് യുവാക്കൾ യെമനിലേക്ക് പോയത് എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. 2016 മേയിൽ 17 പേർ ഇന്ത്യയിൽ നിന്ന് വീടുവിട്ട് ദാഇശിൽ ചേരാനായി അഫ്ഗാനിസ്ഥാനിലെ സംഘർഹാർ പ്രവിശ്യയിലേക്ക് പോയെന്ന റിപ്പോർട്ട് വന്നതോടെയാണ് അന്വേഷണ ഏജൻസികൾ കാസർകോട്ട് നിരീക്ഷണം ശക്തമാക്കിയത്.