sania

വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ മുസ്ലീം വനിത എന്ന റെക്കോർഡ് സ്വന്തമാക്കി ഉത്തർപ്രദേശിന്റെ സാനിയ മിർസ. മിർസാപൂരിലെ ജസോവർ സ്വദേശിനിയാണ്. എൻ ഡി എ പരീക്ഷയിൽ (നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി എക്സാമിനേഷൻ) 149ാം റാങ്കാണ് സാനിയ നേടിയത്.

ഈ മാസം ഇരുപത്തിയേഴിന് പൂനെയിലെ എൻ ഡി എ പരിശീലനത്തിൽ ചേരും. സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാർത്ഥികൾക്ക് മാത്രമല്ല നിശ്ചയദാർഢ്യമുണ്ടെങ്കിൽ തന്നെപ്പോലുള്ള ഹിന്ദി മീഡിയം വിദ്യാർത്ഥികൾക്കും വിജയം നേടാനാകുമെന്ന് സാനിയ മിർസ പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ യുദ്ധവിമാന പൈലറ്റായ അവ്നി ചതുർവേദിയെയാണ് തന്റെ റോൾ മോഡലായി സാനിയ കണക്കാക്കുന്നത്. തന്റെ ഗ്രാമത്തിലെ തന്നെ ഒരു സ്‌കൂളിലാണ് സാനിയ പത്താം ക്ലാസുവരെ പഠിച്ചത്. അതിനുശേഷം നഗരത്തിലെ ഗുരുനാനാക്ക് ഗേൾസ് ഇന്റർ കോളേജിൽ പോയി. പ്ലസ്ടുവിന് യുപി ബോർഡിൽ ജില്ലാ ടോപ്പറായിരുന്നു. പിന്നാലെ സെഞ്ചൂറിയൻ ഡിഫൻസ് അക്കാദമിയിൽ പരിശീലനം ആരംഭിച്ചു.

"നാഷണൽ ഡിഫൻസ് അക്കാദമി 2022 പരീക്ഷയിൽ ഫൈറ്റർ പൈലറ്റിൽ വനിതകൾക്കായി രണ്ട് സീറ്റുകൾ മാത്രമേ സംവരണം ചെയ്‌തിട്ടുള്ളു. ആദ്യ ശ്രമത്തിൽ പരാജയം രുചിച്ചെങ്കിലും രണ്ടാം ശ്രമത്തിൽ ഇടം കണ്ടെത്തി’- യുവതി പറഞ്ഞു.

തന്റെ വിജയത്തിന്റെ ക്രഡിറ്റ് മാതാപിതാക്കൾക്കും സെഞ്ചൂറിയൻ ഡിഫൻസ് അക്കാദമിക്കുമാണെന്ന് സാനിയ പറയുന്നു. യുവതിയുടെ പിതാവ് ഷാഹിദ് അലി ഒരു ടി വി മെക്കാനിക്കാണ്. തബസ്സും മിർസയാണ് മാതാവ്. മകളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.